കോട്ടയം: ജോസ് കെ മാണിയുടെ ഗ്യാപ്പില്‍ യു.ഡി.എഫില്‍ ഇടം പിടിക്കാനുളള പി.സി ജോര്‍ജ്ജിന്റെ ശ്രമം പാളിയിരിക്കുകയാണ്. പി.സി ജോര്‍ജിനെ മുന്നണിയിലേക്ക് എടുക്കുന്നില്ല എന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിലും അതിന് ശേഷം വരുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും സ്വന്തം വഴി തിരഞ്ഞെടുക്കേണ്ടി വന്നിരിക്കുകയാണ് പിസി ജോര്‍ജിനും പാര്‍ട്ടിക്കും. ജയിക്കാനുളള ഫോര്‍മുലയും പാര്‍ട്ടിക്ക് പി.സി ജോര്‍ജ്ജ് നിര്‍ദേശിച്ച് കഴിഞ്ഞു.

യു.ഡി.എഫ് വിട്ടതിന് ശേഷം ജനപക്ഷം എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് പി.സി ജോര്‍ജ്ജ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് മത്സരിച്ച് ജയിച്ചത്. ഒരു മുന്നണിയുടേയും ഭാഗമാകാതെയാണ് പി.സി ജോര്‍ജ്ജിന്റെ വിജയം. എന്നാല്‍ ജനപക്ഷം എന്ന പാര്‍ട്ടിക്ക് കാര്യമായ ചലനം കോട്ടയത്തെയോ കേരളത്തിലെയോ രാഷ്ട്രീയത്തിലുണ്ടാക്കാനായിട്ടില്ല.

മാത്രമല്ല പി.സി ജോര്‍ജ്ജിന്റെ ഇടക്കാലത്തുണ്ടായ ബി.ജെ.പി ബന്ധം പല വര്‍ഗീയ പരാമര്‍ശങ്ങളും പൂഞ്ഞാര്‍ മണ്ഡലത്തില്‍ അടക്കം ജനപ്രിയതയെ കാര്യമായി ബാധിച്ചിട്ടുമുണ്ട്. ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും അണികളുടേയും നേതാക്കളുടേയും കൊഴിഞ്ഞ് പോക്കും പിസി ജോര്‍ജ്ജിന് വെല്ലുവിളിയാണ്. എന്‍ഡിഎ വിട്ട ജോര്‍ജ് എല്‍.ഡി.എഫിലും യു.ഡി.എഫിലും ഇടം കിട്ടാത്ത അവസ്ഥയിലാരുന്നു.
ജോസ് കെ മാണിയുടെ സാന്നിധ്യം ആയിരുന്നു യു.ഡി.എഫ് പ്രവേശനത്തിന് പി.സി ജോര്‍ജിന് മുന്നിലുണ്ടായിരുന്ന പ്രധാന തടസ്സം. എന്നാല്‍ ജോസ് കെ മാണി എല്‍.ഡി.എഫിലേക്ക് ചേക്കേറിയതോടെ പി.സി ജോര്‍ജ് യു.ഡി.എഫ് പ്രവേശനത്തിനുളള വഴി നോക്കി. നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നതായും മുന്നണി പ്രവേശനം ഉടനുണ്ടാകുമെന്നും പി.സി തന്നെ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിനുളളില്‍ രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിന് പി.സി ജോര്‍ജ്ജ് വരുന്നതിനോട് താല്‍പര്യമുണ്ട്. അതേ സമയം ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പിന് പി.സിയെ താല്‍പര്യമില്ല. ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുകയാണെങ്കില്‍ പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാം എന്നതാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ച നിര്‍ദേശം. എന്നാല്‍ ലയനത്തിന് പി.സി ജോര്‍ജ്ജിന് സമ്മതമില്ല.
താന്‍ ഇതുവരെ ഒരു മുന്നണിയുടേയും പിറകെ പോയിട്ടില്ലെന്നും യു.ഡി.എഫ് പ്രവേശനത്തിന് അപേക്ഷ കൊടുത്തിട്ടുണ്ടെങ്കില്‍ അത് ഹസ്സന്‍ പുറത്ത് വിടട്ടെ എന്നും പി.സി ജോര്‍ജ്ജ് വെല്ലുവിളിച്ചു. ഒരു മുന്നണിയും തങ്ങളുടെ പാര്‍ട്ടിയെ സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുളള വഴിയും പാര്‍ട്ടിക്ക് പിസി ജോര്‍ജ്ജ് നിര്‍ദേശിച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കേരള ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍ക്ക് ഏത് രാഷ്ട്രീയ കക്ഷിയുമായും കൂട്ട് ചേരാം എന്നാണ് പി.സി ജോര്‍ജ്ജ് നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ പ്രദേശത്തേയും പ്രാദേശിക നില അനുസരിച്ച് ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍ക്ക് സഖ്യമാവാം. എന്‍.ഡി.എ അടക്കം എല്ലാ മുന്നണികളുമായും സഖ്യത്തിന് സാധ്യത ഉണ്ടെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും മുന്നണിയില്‍ കേരള ജനപക്ഷം പാര്‍ട്ടി ചേരുന്നത് സംബന്ധിച്ച് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനം എടുക്കും. ഇത് സംബന്ധിച്ച് പഠിക്കുന്നതിന് വേണ്ടി പാര്‍ട്ടി മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ്. യുഡിഎഫ് പ്രവേശനത്തോടാണ് പിസി ജോര്‍ജ്ജിന് താല്‍പര്യം. അതേസമയം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് എന്‍ഡിഎയോടാണ് താല്‍പര്യമെന്ന് പിസി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കാന്‍ ആവശ്യപ്പെട്ട് പിസി ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജി കോടതി വിധി പറയാന്‍ മറ്റി. കൊവിഡ് സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് നയിക്കുമെന്നാണ് പിസി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് ഏത് സമയത്ത് നടത്താനും സജ്ജമാണ് എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.