ന്യൂഡല്‍ഹി• പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്‌ക്കെതിരെ ജനരോഷം ശക്തമാകുന്ന സാഹചര്യത്തില്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

ചില സംസ്ഥാനങ്ങളുമായും എണ്ണക്കമ്പനികളുമായും എണ്ണമന്ത്രാലയുവുമായും ധനമന്ത്രാലയം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. മാര്‍ച്ച് പകുതിയോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ധനവില വര്‍ധന ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില വര്‍ധിച്ചതാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക പ്രതികരണമെങ്കിലും 60 ശതമാനത്തോളം നികുതി ചുമത്തുന്നത് ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ധനവില വര്‍ധിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ബിജെപി നേതൃതം സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

രാജ്യമാകെ കോവിഡ് മഹാമാരിയില്‍ നട്ടംതിരിയുമ്പോള്‍ കഴിഞ്ഞ 12 മാസത്തിനിടയില്‍ രണ്ടു തവണ ഇന്ധനനികുതി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. 2020 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രവും സംസ്ഥാനവും പെട്രോളിയം മേഖലയില്‍നിന്ന് 5.56 ലക്ഷം കോടിയുടെ വരുമാനം നേടിയെന്നാണു സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ധന ഉപഭോഗം കുറഞ്ഞിട്ടും ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ മാത്രം 4.21 ലക്ഷം കോടിയായിരുന്നു വരുമാനം.