തളിപ്പറമ്പ്: ആന്തൂരിലെ വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. കേസില്‍ ആര്‍ക്കെതിരെയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. അതേസമയം, നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിയത് നിര്‍മാണത്തിലെ അപാകത കൊണ്ടാണ്. നഗരസഭയുടെ ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് പ്രശ്‌നങ്ങളുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. അന്വേഷണം അവസാനിപ്പിച്ചതായി കാണിച്ച് അടുത്ത ദിവസം റിപ്പോര്‍ട്ട് നല്‍കും. ജൂണ്‍ 18നാണ് ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കൊറ്റാളി സ്വദേശി സാജന്‍ ആത്മഹത്യ ചെയ്തത്.

നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് സാജന്‍, ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനംനൊന്താണാണ് പ്രവാസി ആത്മഹത്യ ചെയ്തത് എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.