കോഴിക്കോട്: ഒന്നര വര്‍ഷത്തിന് മുന്‍പ് അക്ഷയയിലേയ്‌ക്കെന്നു പറഞ്ഞ് 13 വയസുള്ള മകളെ അച്ഛനെ ഏല്‍പിച്ച് സ്‌കൂട്ടറില്‍ പോയ പ്രവാസിയുടെ ഭാര്യയെ കാമുകനോടും കണ്ടെത്തി. നാല് മാസം പ്രായമായ കുഞ്ഞുമായി യുവതിയും കാമുകനും പൊങ്ങിയത് പോലീസ് അന്വേഷണം നടക്കുന്നതിനിടെ. വടകരയില്‍ നിന്നു കാണാതായ ഭര്‍തൃമതിയായ യുവതിയും കാമുകനുമാണ് വടകര സ്‌റ്റേഷനില്‍ ഹാജരായത്. യുവതിക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയും കാമുകനും നാലു മാസം പ്രായുള്ള കുഞ്ഞുമായി സ്‌റ്റേഷനില്‍ ഹാജരായത്.

കുട്ടോത്ത് പഞ്ചാക്ഷരിയില്‍ ടി ടി ബാലകൃഷ്ണന്റെ മകള്‍ ഷൈബയും (37) മണിയൂര്‍ കുറുന്തോടി പുതിയോട്ട് മീത്തല്‍ സന്ദീപുമാണ് (45) വടകര പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. ഒളിച്ചോടി പോയ യുവതിയും ഭര്‍ത്താവും കോയമ്പത്തൂരില്‍ കഴിഞ്ഞു വരികയായിരുന്നു.

2019 മെയ് 14 മുതലാണ് ഷൈബയെ കാണാതാവുന്നത്. അന്നു കാലത്ത് വിദേശത്തുള്ള ഭര്‍ത്താവ് കല്ലേരി പൊന്മേരിപറമ്പില്‍ വലിയ പറമ്പത്തു ഗിരീഷ് കുമാറിന്റെ വീട്ടില്‍ നിന്നു പതിമൂന്ന് വയസുള്ള മകളുമൊത്ത് സ്‌കൂട്ടറില്‍ സ്വന്തം വീട്ടിലെത്തി മകളെ അച്ഛനെ ഏല്‍പ്പിച്ച ശേഷം വടകര അക്ഷയ കേന്ദ്രത്തില്‍ പോകാനുണ്ടെന്ന് പറഞ്ഞാണ് ഷൈബ വീട്ടില്‍ നിന്നിറങ്ങിയത്. അതിനു ശേഷം ഇവരെപ്പറ്റി യാതൊരു വിവരവുമുണ്ടായിരുന്നില്ല.
തൊട്ടു പിറ്റേന്ന് സഹോദരന്‍ ഷിബിന്‍ ലാല്‍ വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ സഹോദരിക്ക് വിവാഹത്തിന് മുന്‍പ് സന്ദീപ് എന്ന വ്യക്തിയുമായി പ്രണയമുണ്ടായിരുന്നതായി ഷിബിന്‍ ലാല്‍ സൂചിപ്പിച്ചിരുന്നു. അന്ന് വിദേശത്തുള്ള സന്ദീപിന്റെ കൂടെയാണോ ഇവര്‍ പോയതെന്ന് സംശയമുള്ളതായും പരാതിയില്‍ പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷൈബയെ കാണാതായ അതേ ദിവസം സന്ദീപ് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയതായി മനസിലായി. സംഭവത്തിനുശേഷം യുവാവ് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. പോലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇതിനിടയിലാണ് ഇരുവരും പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്.