ബംഗളൂരു: ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന് ഭര്‍ത്താവും മരുമക്കളും ഉപദ്രവിച്ചതായി ആരോപിച്ച് നവവധു ജീവനൊടുക്കി. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹെന്നൂരിലെ അശ്വിനി (25) യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് യുവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോളജില്‍ പഠിക്കുന്ന കാലത്ത് തന്നെ യുവരാജ് അശ്വിനിയുമായി പ്രണയത്തിലായിരുന്നു. പിന്നീട് ഇയാളെ തന്നെ വിവാഹം കഴിച്ചു.

അച്ഛനെ നഷ്ടപ്പെട്ട അശ്വിനി പ്രണയം അമ്മയെ ബോധ്യപ്പെടുത്തുകയും ഈ വര്‍ഷം ഫെബ്രുവരി മാസം ഇരുവരും വിവാഹിതരാവുകയുമായിരുന്നു. രണ്ടുമാസത്തോളം ദമ്പതികള്‍ പ്രത്യേകം വീടെടുത്ത് ഒരുമിച്ചു താമസിച്ചു. കൊറോണയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ സമയത്ത് യുവരാജിന് ജോലി നഷ്ടപ്പെടുകയും സുഹൃത്തുക്കളോടൊപ്പം കറങ്ങാന്‍ തുടങ്ങുകയും ചെയ്തു. ഇത് ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അശ്വിനി ജോലിചെയ്താണ് കുടുംബം പോറ്റിയിരുന്നത്.

ഇതിനിടയില്‍, യുവരാജിന്റെ കുടുംബാംഗങ്ങള്‍ ഒരു ജ്യോതിഷിയെ സമീപിച്ചു, അശ്വിനി ഒരിക്കലും കുട്ടികളെ പ്രസവിക്കില്ലെന്ന് ഇയാള്‍ പ്രവചിച്ചു. ജ്യോതിഷിയുടെ വാക്കുകള്‍ അടിസ്ഥാനമാക്കിയാണ് യുവരാജ് അശ്വിനിയെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. ഭര്‍തൃവീട്ടുകാരും യുവതിയെ ഉപദ്രവിച്ചു. വിലയേറിയ മൊബൈല്‍ ഫോണിനും കൂടുതല്‍ സ്ത്രീധനത്തിനുമായി യുവരാജ് അശ്വിനിയെ ഉപദ്രവിച്ചു. വായ്പയെടുത്ത് സ്ത്രീധന തുക നല്‍കാന്‍ യുവതിയില്‍ സമ്മര്‍ദം ചെലുത്തി.
സ്ത്രീധനത്തിന്റെയും കുഞ്ഞുങ്ങള്‍ ജനിക്കില്ലെന്ന ജ്യോതിഷിയുടെ പ്രവചനത്തിന്റെയും പേരില്‍ നവംബര്‍ 13ന് രാത്രി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. നവംബര്‍ 14 നും യുവരാജ് അശ്വിനിയെ ആക്രമിച്ചതായി പറയപ്പെടുന്നു. പിന്നീട് അശ്വിനി സഹോദരി വര്‍ഷിനിയെ വിളിച്ച് വിവരം അറിയിച്ചു. അല്‍പസമയത്തിനുശേഷം, അശ്വിനിക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടുവെന്നും യുവരാജ് യുവതിയുടെ ബന്ധുക്കളെ വിളിച്ചറിയിച്ചു.
അമ്മയും സഹോദരിയും ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ് തന്നെ അശ്വിനി മരിച്ചിരുന്നു. ജ്യോതിഷിയുടെ വാക്കുകള്‍ കേട്ട് യുവരാജ് അശ്വിനിയുടെ ജീവിതം തകര്‍ത്തതായി അശ്വിനിയുടെ ബന്ധുക്കള്‍ ആരോപിച്ചു. അശ്വിനിയുടെ ശരീരത്തില്‍ പരിക്കേറ്റ അടയാളങ്ങള്‍ കണ്ടെത്തിയതായും വീട്ടുകാര്‍ പറഞ്ഞു. അശ്വിനി മരിച്ചതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. യുവതിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായാണ് പറയപ്പെടുന്നത്. യുവരാജ് യുവതിയെ തൂക്കി കൊന്ന ശേഷം ആത്മഹത്യയാണെന്ന് ചിത്രീകരിക്കുകയായിരുന്നുവെന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു.