തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ബിജു രമേശ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. രമേശ് ചെന്നിത്തല വ്യക്തിപരമായി ഒരു കോടി രൂപയും കെപിസിസിയ്ക്ക് വേണ്ടി രണ്ട് കോടി രൂപയും കൈപ്പറ്റിയെന്നാണ് വെളിപ്പെടുത്തലിലെ പുതിയ കാര്യം. അതോടൊപ്പം, പിണറായി വിജയനെ കെഎം മാണി വീട്ടിലെത്തി കണ്ടതോടെ അന്വേഷണം അവസാനിച്ചു എന്നും ബിജു രമേശ് ആരോപിക്കുന്നു.

ഒരേസമയം യു.ഡി.എഫിനേയും എല്‍ഡിഎഫിനേയും കുരുക്കുന്ന ബിജു രമേശിന്റെ ആരോപണം പല സംശയള്‍ക്കും വഴിവയ്ക്കുകയാണ്. അതോടൊപ്പം, കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്ന ആവശ്യം കൂടിയാകുമ്പോള്‍ സംശയം ബലപ്പെടുന്നു. അതിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. ബിജു രമേശിന്റെ രാഷ്ട്രീയ പാര്‍ട്ടി ഉള്‍പ്പെടെ പരിശോധിക്കാം…

ബിജു രമേശിന്റെ ആരോപണത്തില്‍ ഏറ്റവും വലിയ കുരുക്ക് രമേശ് ചെന്നിത്തലയ്ക്കാണ്. രമേശ് ചെന്നിത്തല ഒരു കോടി രൂപ കോഴ വാങ്ങി എന്നത് ബിജു രമേശിന്റെ പുതിയ ആരോപണമാണ്. അതിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതിയായിട്ടുളളത്. അന്ന് അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കാര്യമാണെന്ന് പറഞ്ഞൊഴിയാന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിയില്ല. കാരണം, രഹസ്യ മൊഴിയില്‍ ചെന്നിത്തലയുടെ പേര് ബിജു രമേശ് പറഞ്ഞിട്ടില്ല. ചെന്നിത്തലയും ഭാര്യയും ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് രഹസ്യ മൊഴിയില്‍ പേര് പറയാതിരുന്നത് എന്നാണ് ബിജു രമേശിന്റെ വാദം.
കെഎം മാണിയും പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയതിന് പിറകെ അന്വേഷണം നിലച്ചു എന്നാണ് മറ്റൊരു ആരോപണം. യുഡിഎഫ് നേതാക്കളുടെ അനധികൃത സ്വത്ത് സംബന്ധിച്ച രേഖകള്‍ കൈപ്പറ്റാന്‍ പിറണായി തയ്യാറായില്ലെന്നും ബിജു രമേശ് പറയുന്നുണ്ട്. ഒരേസമയം കേരളത്തിലെ രണ്ട് മുന്നണികള്‍ക്കും പ്രതിസന്ധിയുണ്ടാക്കുകയാണ് ബിജു രമേശ് ചെയ്തിരിക്കുന്നത്. എന്തായാലും ഭരണ പക്ഷത്തേക്കാള്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുന്നത് രമേശ് ചെന്നിത്തലയും പ്രതിപക്ഷവും ആണ്. ഇത് തന്നെയാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നതും.
കോണ്‍ഗ്രസിലെ ഐ വിഭാഗത്തിലും പ്രമുഖനും രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനും ആയ അടൂര്‍ പ്രകാശിന്റെ ബന്ധുവാണ് ബിജു രമേശ്. അടൂര്‍ പ്രകാശിന്റെ മകന്‍ വിവാഹം കഴിച്ചത് ബിജു രമേശിന്റെ മകളെയാണ്. എന്നിട്ടും എന്തുകൊണ്ട് ബിജു രമേശ്, അടൂര്‍ പ്രകാശിന്റെ നേതാവിനെ ലക്ഷ്യമിടുന്നു എന്നാണ് ചോദ്യം. ബിജു രമേശ് ഇപ്പോള്‍ നടത്തുന്ന ഇടപെടലുകള്‍ ബിജെപിയ്ക്ക് വേണ്ടിയാണോ എന്നാണ് കോണ്‍ഗ്രസിന്റെ സംശയം. കെ മുരളീധരന്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. സംസ്ഥാന വിജിലന്‍സില്‍ വിശ്വാസമില്ലെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നുകൂടി പറയുമ്പോള്‍ ആണ് സംശങ്ങള്‍ കൂടുതല്‍ ബലപ്പെടുന്നത്.
ബിജു രമേശിന്റെ രാഷ്ട്രീയവും ഇതോടൊപ്പം ചര്‍ച്ചയാവുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച ആളായിരുന്നു. ഫലം വന്നപ്പോള്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവും ആയ എസ് ശ്രീശാന്തിനേക്കാള്‍ താഴെ നാലാം സ്ഥാനത്തായിരുന്നു ബിജു രമേശ്.