കണ്ണൂര്‍: ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം കണ്ണൂരിലേക്കും നീളാന്‍ സാധ്യത. ബിനീഷ് എര്‍ണാകുളവും തിരുവനന്തപുരവും കേന്ദ്രീകരിച്ചു നടത്തിയ ധനകാര്യ സ്ഥാപനങ്ങളുടെ പാര്‍ട്ണര്‍മാര്‍ തലശേരിക്കാരായ ചില വ്യവസായ സംരഭകരാണ്. ഈ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് സ്വര്‍ണക്കടത്തിനടക്കം ഫണ്ട് നല്‍കിയിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം ചില ധനകാര്യ സ്ഥാപനങ്ങള്‍ പിന്നീട് പ്രവര്‍ത്തനം നിലച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ബിനീഷ് കോടിയേരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിനാണ് നോട്ടീസ് നല്‍കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത് ലൈഫ്മിഷന്‍ അഴിമതി കേസ് സിബിഐ ഏറ്റെടുത്തതിനു പുറകെ സിപിഎമ്മിനെ സംബന്ധിച്ചിടുത്തോളം വന്‍ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ബിനീഷ് കോടിയേരിസ്വത്ത് വിവരങ്ങള്‍ നല്‍കണം. അനുമതിയില്ലാതെ സ്വത്ത് കൈമാറ്റം ചെയ്യരുത് എന്നും നോട്ടീസിലുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് നോട്ടീസ്. ബിനീഷിന്റെ ആസ്തികള്‍ കൈമാറ്റം ചെയ്യരുതെന്ന് രജിസ്‌ട്രേഷന്‍ വകുപ്പിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ അക്കൌണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് ബേങ്കുകള്‍ക്കും ഇഡി കത്ത് നല്‍കിയെന്നാണ് വിവരം. ബിനീഷന്റെ സ്വത്തുവക്കകള്‍ സംബന്ധിച്ച പൂര്‍ണവിവരം ശേഖരിക്കാനും ഇഡി നടപടിയാരംഭിച്ചിട്ടുണ്ട്. ഈ മാസം ഒന്‍പതിന് ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ചരിത്രത്തില്‍ സിപിഎം ഇന്നുവരെ നേരിട്ടില്ലാത്ത പ്രതിസന്ധിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിടുന്ന്. ചരിത്രത്തിലാദ്യമായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഇത്തരമൊരു ആരോപണം.