പത്തനംതിട്ട: കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാനപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കെപി യോഹന്നാന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്ഥാപനത്തിന്റെ പേരില്‍ വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിനാണ് ആദായ നികുതി വകുപ്പ് റെയ്ഡ്.

കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്. ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുന്നുണ്ട്. ഇന്ന് രാവിലെ ഏഴ് മണി മുതലാണ് തിരുവല്ലയിലെ ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്.

ബിലീവേഴ്‌സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യാ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തില്‍ കെപി യോഹന്നാന്‍ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതായും സംസ്ഥാനത്തിന് അകത്തും പുറത്തും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായുമുള്ള പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ യോഹന്നാന് എതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.