ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍. രാജ്യത്ത് ബിജെപിക്ക് ഫലപ്രദമായ ബദലായി കോണ്‍ഗ്രസിനെ ജനങ്ങള്‍ കാണുന്നില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. നേതൃത്വത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ വേദികളുമില്ലെന്ന് കപില്‍ സിബല്‍ പറുന്നു. അതേസമയം, കോണ്‍ഗ്രസിന് മുന്നോട്ടുപോകാന്‍ പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌കരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബീഹാറില്‍ ബദല്‍ മാര്‍ഗം ആര്‍ജെഡിയാണെന്നും ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും ഞങ്ങള്‍ അവിടെ ഒരു സീറ്റ് പോലും നേടിയിട്ടില്ല. ഉത്തര്‍പ്രദേശിലെ ചില നിയോജകമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പില്‍ രണ്ട് ശതമാനം വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നേടിയത്’ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് പ്രവര്‍ത്തകസമിതി അംഗം കൂടിയായ കപില്‍ സിബല്‍ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം തീരുമാനിക്കുന്നതില്‍ ഉണ്ടായ കാലതാമസം മഹാഗത്ബന്ധന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് താരിഖ് അന്‍വര്‍ ഞായറാഴ്ച പറഞ്ഞിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ബീഹാറിലെ മുതിര്‍ന്ന നേതാവുമായ അന്‍വര്‍, മറ്റ് ‘മഹാഗത്ബന്ധന്‍’ പാര്‍ട്ടികളെ അപേക്ഷിച്ച് കോണ്‍ഗ്രസ് മോശം പ്രകടനമാണ് നടത്തിയതെന്നും ആത്മപരിശോധനയെക്കുറിച്ചും തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സമഗ്രമായ വിശകലനത്തെക്കുറിച്ചും ഹൈക്കമാന്‍ഡ് ഗൗരവമായി ഇടപെടുമെന്നും പറഞ്ഞു.
അതേസമയം ആറ് വര്‍ഷമായി കോണ്‍ഗ്രസ് ആത്മപരിശോധന നടത്താതെയിരുന്നിട്ട്, ഇപ്പോള്‍ എന്ത് പ്രതീക്ഷയാണ് അവശേഷിക്കുന്നതെന്ന് സിബല്‍ ചോദിക്കുന്നു. ‘കോണ്‍ഗ്രസിന്റെ കുഴപ്പം എന്താണെന്ന് ഞങ്ങള്‍ക്കറിയാം. സംഘടനാപരമായി, എന്താണ് തെറ്റെന്ന് ഞങ്ങള്‍ക്കറിയാം. എല്ലാത്തിനും ഉത്തരം കണ്ടെത്താം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ എല്ലാ ഉത്തരങ്ങളും അറിയാം. പക്ഷേ, ആ ഉത്തരങ്ങള്‍ തിരിച്ചറിയാന്‍ നേതൃത്വം തയ്യാറാകുന്നില്ല. അത് തിരിച്ചറിയുന്നില്ലെങ്കില്‍ കൂടുതല്‍ വീഴ്ചകളിലേക്ക് പാര്‍ട്ടി പോകും. അതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം, ‘അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
എന്തുകൊണ്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിമുഖത കാണിച്ചതെന്ന ചോദ്യത്തിന്, പ്രവര്‍ത്തകസമിതി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഘടകമായതിനാലാണ് അങ്ങനെ സംഭവിച്ചതെന്ന് കപില്‍ സിബല്‍ പറഞ്ഞു. പ്രവര്‍ത്തകസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യപരമാകണം, ‘കോണ്‍ഗ്രസിന്റെ നിരന്തരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രവര്‍ത്തകസമിതിയിലെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌ക്കരണ നടപടികള്‍ ആവശ്യപ്പെട്ട് കപില്‍ സിബലും മറ്റ് 22 നേതാക്കളും പാര്‍ട്ടി ഹൈക്കമാണ്ടിന് എഴുതിയ കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘നേതൃത്വം ചര്‍ച്ചയ്ക്ക് യാതൊരുവിധ ശ്രമവും നടത്തുന്നതായി തോന്നുന്നില്ല, എന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരു വേദി ഇല്ലാത്തതിനാല്‍, അവ പരസ്യമായി പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതനാകുന്നു. ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്, ഒരു കോണ്‍ഗ്രസുകാരനായി തുടരും, കോണ്‍ഗ്രസ് നന്നായി മുന്നോട്ടുപോകുമെന്ന് പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. രാഷ്ട്രം നിലകൊള്ളുന്ന എല്ലാ മൂല്യങ്ങളെയും അട്ടിമറിക്കുന്ന രീതിയാണ് എതിരാളികളുടേത്. അതിനെതിരെ ഒരു ബദലായി കോണ്‍ഗ്രസ് ഉയര്‍ന്നുവരണം’ കപില്‍ സിബല്‍ പറഞ്ഞു.
വളരെക്കാലമായി പാര്‍ട്ടി ബീഹാറില്‍ ഫലപ്രദമായ ഒരു ബദലായിരുന്നില്ലെന്നും 25 വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശിലും പാര്‍ട്ടി ദുര്‍ബലമായെന്നും കപില്‍ സിബാല്‍ പറഞ്ഞു. മൂന്നാം മുന്നണിയുടെ അഭാവത്തില്‍ കോണ്‍ഗ്രസ് ബദലാണെന്ന് പറഞ്ഞ ഗുജറാത്തില്‍ പോലും ലോക്‌സഭാ സീറ്റുകളെല്ലാം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടുവെന്നും നിലവിലെ ഉപതിരഞ്ഞെടുപ്പില്‍ ഒന്നും നേടാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേതാക്കളെയും ഭാരവാഹികളെയും നാമനിര്‍ദേശം ചെയ്യുന്ന രീതി പാര്‍ട്ടി അവസാനിപ്പിക്കണമെന്ന് കപില്‍ സിബല്‍ പറഞ്ഞു. ‘നാമനിര്‍ദ്ദേശങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ സംഘടനശേഷി വര്‍ദ്ധിപ്പിക്കില്ല. ഞങ്ങളില്‍ ചിലര്‍ കോണ്‍ഗ്രസില്‍ എന്താണ് ചെയ്യേണ്ടതെന്ന് നേതൃത്വത്തിന് ചൂണ്ടിക്കാട്ടി. ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നതിനുപകരം അവര്‍ ഞങ്ങളെ പിന്തിരിപ്പിച്ചു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.