തിരുവനന്തപുരം: കുമ്മനം രാജശേഖരനെതിരെ തട്ടിപ്പ് കേസ് പെട്ടെന്ന് പുറത്ത് വന്നതിന് പിന്നില്‍ ബി.ജെ.പിക്കുള്ളിലെ വിഭാഗീയതയെന്ന് റിപ്പോര്‍ട്ടുകള്‍. കുമ്മനം രാജശേഖരനെ പത്മനാഭസ്വാമി ക്ഷേത്ര ഭരണ സമിതിയില്‍ കേന്ദ്ര നോമിനിയായി നിയമിച്ചതിന് പിറകെയാണ് തട്ടിപ്പ് കേസ് സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വന്നത്.

ബി.ജെ.പിയുടെ എന്‍.ആര്‍.ഐ സെല്ലിന്റെ മുന്‍ കണ്‍വീനര്‍ ആയ ഹരികുമാറിനെ ആയിരുന്നു നേരത്തെ കേന്ദ്ര പ്രതിനിധിയായി നിയമിച്ചത്. ഇത് മാറ്റിയാണ് കുമ്മനം രാജശേഖരന് നിയമനം നല്‍കിയത്. വി മുരളീധരന്റെ നോമിനിയായിരുന്നു ഹരികുമാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി.ജെ.പിയില്‍ ക്ലീന്‍ ഇമേജുള്ള നേതാക്കളില്‍ ഒരാളാണ് മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണറും ആയ കുമ്മനം രാജശേഖരന്‍. കുമ്മനം രാജശേഖരന്റെ ലളിതജീവിതവും രാഷ്ട്രീയ സമര്‍പ്പണവും ബിജെപി എന്നും ഉയര്‍ത്തിക്കാണിക്കാറുള്ളതും ആയിരുന്നു.
ഇത്തവണ പാര്‍ട്ടിയുടെ ദേശീയ ഭാരവാഹി പട്ടികയില്‍ കുമ്മനം രാജശേഖരന്‍ ഇടം പിടിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ എല്ലാം അവഗണിച്ചുകൊണ്ടായിരുന്നു അവസാനപട്ടിക പുറത്ത് വന്നത്. ഇതിന് പിന്നില്‍ വി മുരളീധരന്‍ വിഭാഗം ആയിരുന്നു എന്നാണ് ആക്ഷേപം.
ഹരികുമാറിനെ ആയിരുന്നു ആദ്യം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രതിനിധിയായി പത്മനാഭസ്വാമി ക്ഷേത്ര ഭരണ സമിതിയില്‍ നിയമിച്ചത്. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ്, കുമ്മനം രാജശേഖരനെ ആ പദവിയില്‍ നിയമിച്ചുകൊണ്ടുള്ള പുതിയ തീരുമാനം വന്നത്.
ഹരികുമാറിന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് ശോഭ സുരേന്ദ്രന്‍ അമിത് ഷായ്ക്ക് കത്തയച്ചു എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ഹരികുമാറിനെ മാറ്റി കുമ്മനത്തെ നിയോഗിച്ചത് എന്നും സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യം ആരും സ്ഥിരീകരിച്ചിട്ടില്ല.
കുമ്മനം രാജശേഖരനെ അടുത്ത മന്ത്രിസഭ പുന:സംഘടനയില്‍ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ എന്തിനാണ് പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര പ്രതിനിധി ആക്കിയതിന് എന്ന ചോദ്യവും ഉയരുന്നുണ്ട്. മന്ത്രിസഭ പുന:സംഘടനയിലും കുമ്മനത്തെ ഒഴിവാക്കാന്‍ നടത്തിയ നീക്കമാണെന്നും ഒരു വിഭാഗം സംശയിക്കുന്നുണ്ട്.
കുമ്മനം രാജശേഖരനെതിരെയുള്ള പരാതി പോലീസ് കേസ് ആയി മാറിയതിന് പിന്നിലും ബിജെപിയ്ക്കുള്ളിലെ വിഭാഗീയത ആണെന്നാണ് സൂചനകള്‍. ഈ വിഷയം ഏറെ നാളായി പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ചയായിരുന്നെങ്കിലും പുറത്തെത്തിയത് പുതിയ സാഹചര്യത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴുയര്‍ന്ന പരാതിമ റുവിഭാഗം കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തിക്കുകയും ചെയ്യും.
കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ച് പിആര്‍ കമ്പനി മാനേജരെ അബുദാബിയിലെ മന്ത്രിതല യോഗത്തില്‍ പങ്കെടുപ്പിച്ചു എന്ന ആരോപണവും പുറത്ത് വന്നത് ബിജെപിയ്ക്കുള്ളില്‍ നിന്ന് തന്നെ ആണെന്നും സൂചനകളുണ്ട്. സ്മിത മേനോനെ മഹിള മോര്‍ച്ച സെക്രട്ടറിയാക്കിയ സംഭവവും വിവാദമായത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.
ബി.ജെ.പിയിലെ ജാതി സമവാക്യങ്ങളും വലിയ പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്. വി മുരളീധരനും കെ സുരേന്ദ്രനും ആണ് ഇപ്പോള്‍ കേരളത്തിലെ ശക്തി കേന്ദ്രങ്ങള്‍. അതുകൊണ്ട് തന്നെ ഒരു വിഭാഗം ഇവരോട് സഹകരിക്കാന്‍ മടിക്കുന്നുവെന്ന് നേരത്തേ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.