മുംബൈ: പാര്‍ട്ടിയിലെ കരുത്തനായിരുന്ന ഏകനാഥ് ഖഡ്‌സെയുടെ രാജി മഹാരാഷ്ട്രയിലെ ബിജെപിയെ അമ്പരപ്പിക്കുന്നതായിരുന്നു. ബിജെപി എംഎല്‍എമാര്‍ക്കിടയില്‍ മികച്ച സ്വാധീനമുള്ള നേതാവാണ് ഖഡ്‌സെ. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഏകാധിപത്യമാണ് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് എന്നാണ് വിവരം. നിരവധി ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കാന്‍ ഒരുങ്ങുന്നു എന്നാണ് ഖഡ്‌സെയുടെ പുതിയ വെളിപ്പെടുത്തല്‍. കൂട്ട രാജി സംഭവിക്കാതിരിക്കാന്‍ മറുതന്ത്രം പയറ്റുകയാണ് ബിജെപി ചെയ്യുന്നതെന്നും ഖഡ്‌സെ പറയുന്നു. ബിജെപിയുടെ രഹസ്യ നീക്കങ്ങളും ഇതോടെ പുറത്തായി.

ബിജെപിയില്‍ നിന്ന് രാജിവയ്ക്കാന്‍ തയ്യാറായി 10 എംഎല്‍എമാര്‍ തന്നോട് ബന്ധപ്പെട്ടുവെന്ന് ഖഡ്‌സെ വെളിപ്പെടുത്തി. കൂടാതെ മുന്‍ എംഎല്‍എമാരും പ്രാദേശിക നേതാക്കളും ബിജെപിയില്‍ നിന്ന് ഉടന്‍ രാജിവയ്ക്കും. എന്‍സിപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഖഡ്‌സെയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഖഡ്‌സെക്ക് സീറ്റ് നല്‍കിയിരുന്നില്ല. അന്ന് തന്നെ ഇദ്ദേഹം രാജിവയ്‌ക്കേണ്ടതായിരുന്നു. എന്‍സിപി ഖഡ്‌സെക്ക് സീറ്റ് നല്‍കാമെന്നും പറഞ്ഞിരുന്നുവത്രെ. പക്ഷേ അന്ന് രാജിവച്ചില്ല. ഇനിയും ബിജെപിയില്‍ നില്‍ക്കാനാകില്ലെന്ന് ഉറപ്പാക്കിയാണ് രാജിവച്ചതെന്നും ഖഡ്‌സെ പറഞ്ഞു.

വടക്കന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപിയുടെ ശക്തനായ നേതാവായിരുന്നു ഏകനാഥ് ഖഡ്‌സെ. ഈ മേഖലയില്‍ ബിജെപിക്ക് ശക്തമായ സ്വാധീനമാണ്. അവിടെയുള്ള പ്രധാന വ്യക്തി ബിജെപി വിട്ടതോടെ കൂടുതല്‍ നേതാക്കള്‍ രാജിവയ്ക്കാന്‍ ഒരുങ്ങുകയാണ്. ഇത് അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിക്ക് സമ്മാനിച്ചിരിക്കുന്നത്. ലെവാ പാട്ടീല്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഖഡ്‌സെ. വടക്കന്‍ മഹാരാഷ്ട്രയില്‍ ഈ ഒബിസി വിഭാഗത്തിന് വന്‍ സ്വാധീനമാണ്. ഇവരുടെ പിന്തുണയോടെയാണ് ബിജെപി മേഖലയിലെ സീറ്റുകളില്‍ വിജയം നേടിയിരുന്നത്. ഖഡ്‌സെ രാജിവച്ചതോടെ ബിജെപിക്ക് പകരം വയ്ക്കാന്‍ മറ്റൊരു നേതാവില്ലാത്ത അവസ്ഥയായി.
വടക്കന്‍ മഹാരാഷ്ട്രയില്‍ 35 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 13 സീറ്റിലും ബിജെപിയാണ് ജയിച്ചത്. എന്‍സിപി ഏഴ് സീറ്റിലും ശിവസേന ആറ് സീറ്റിലും കോണ്‍ഗ്രസ് അഞ്ച് സീറ്റിലും ജയിച്ചു. കൂടാതെ ഒവൈസിയുടെ എംഐഎം രണ്ടു സീറ്റിലും രണ്ടു സ്വതന്ത്രരും ജയിച്ചു. എംഎല്‍എമാര്‍ രാജിവച്ചാല്‍ ബിജെപിയുടെ ശക്തി ക്ഷയിക്കും. ഖഡ്‌സെ എന്‍സിപിയല്‍ ചേര്‍ന്നതോടെ മഹാരാഷ്ട്രയില്‍ ശരദ് പവാറിന്റെ പാര്‍ട്ടി കൂടുതല്‍ കരുത്ത് നേടുകയാണ്. കൂടുതല്‍ എംഎല്‍എമാര്‍ എന്‍സിപിയിലെത്തുമെന്നാണ് വിവരം. ചില ബിജെപി എംഎല്‍എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേരാനും ആലോചിക്കുകയാണ് എന്ന വിവരങ്ങളും പുറത്തുവന്നുകഴിഞ്ഞു.
ബിജെപി എംഎല്‍എ സഞ്ജയ് വസ്‌കറെ എന്‍സിപിയില്‍ ചേരാന്‍ താല്‍പ്പര്യം അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖഡ്‌സെയെ പൂര്‍ണമായും ഒതുക്കുകയാണ് ബിജെപി ചെയ്തത്. അദ്ദേഹത്തിന് സീറ്റ് നല്‍കിയില്ലെന്ന് മാത്രമല്ല, അദ്ദേഹവുമായി അടുപ്പമുള്ളവരെയും മല്‍സരിപ്പിച്ചില്ല. ഇപ്പോള്‍ എല്ലാവരും ബിജെപി വിടുകയാണ്. 10 ലധികം സിറ്റിങ് ബിജെപി എംഎല്‍എമാര്‍ തന്നോട് ബന്ധപ്പെട്ടു. അവരോട് ആലോചിച്ച് തീരുമാനിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. കൊറോണയുടെ പശ്ചാത്തലത്തില്‍ അങ്ങനെ ഒരു അവസരമുണ്ടാക്കണോ എന്ന് ആലോചിക്കുകയാണ്. അതേസമയം, മുന്‍ എംഎല്‍എമാര്‍ ഉടന്‍ തന്നെ ബിജെപിയില്‍ നിന്ന് രാജിവയ്ക്കുമെന്നും ഖഡ്‌സെ പറഞ്ഞു.
ഏകനാഥ് ഖഡ്‌സെയുടെ മരുമകന്‍ രക്ഷാ ഖഡ്‌സെ ഉടന്‍ ബിജെപിയില്‍ നിന്ന് രാജിവച്ച് എന്‍സിപിയില്‍ ചേരും. കൂടാതെ ഒരു സിറ്റിങ് എംപിയും ബിജെപി വിടും. ഘട്ടങ്ങളായി കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ നിന്ന് രാജിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഖഡെസെയുടെ അനുയായി പറഞ്ഞു. ബ്രാഹ്മണരുടെയും ബനിയാസിന്റെയും പാര്‍ട്ടിയായി ബിജെപി മാറുകയാണ്. ഒബിസി വിഭാങ്ങള്‍ക്കോ പിന്നാക്ക വിഭാഗങ്ങള്‍ക്കോ മതിയായ പ്രാതിനിധ്യം ലഭിക്കാതെ വരുന്നതാണ് ബിജെപിയിലെ സാഹചര്യം. ഇതാണ് ഒബിസി വിഭാഗത്തില്‍പ്പെട്ട നേതാക്കള്‍ ബിജെപി വിട്ട് എന്‍സിപിയിലും കോണ്‍ഗ്രസിലും ചേരാന്‍ ആലോചിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയിലെ മഹാ അഘാഡി സഖ്യ സര്‍ക്കാര്‍ ഉടന്‍ വീഴുമെന്നാണ് ബിജെപിയുടെ പ്രചാരണം. ബിജെപിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്ന് ഖഡ്‌സെ പറയുന്നു. എന്‍സിപിയെ ശക്തിപ്പെടുത്തലും തങ്ങളുടെ പ്രദേശത്തെ വികസനവുമാണ് തന്റെ മുന്നിലുള്ള പ്രധാന രണ്ടു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.