ഹൈദരാബാദ്: ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് കടന്നു. 26000 സന്നദ്ധ പ്രവര്‍ത്തകരിലായിരിക്കും പരീക്ഷണം. ഈ പരീക്ഷണത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ട ഈ മെയിൽ അഡ്രസും അധികൃതര്‍ നൽകിയിട്ടുണ്ട്. www.ctri.nic.in (CTRI/2020/11/028976) എന്ന അഡ്രസിൽ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഇതിന് അനുമതി നൽകുകയും വേണം.

ഇന്ത്യയില്‍ നടന്നതിൽ വച്ച് ഏറ്റവും വലിയ മരുന്ന് പരീക്ഷണമാണിത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വാക്‌സിന്റെ പേര് കോവാക്‌സിനെന്നാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ സഹകരണത്തോടെയാണ് പരീക്ഷണം. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കൊവാക്സിന്‍ ആയിരത്തിലധികം ആളുകളിൽ പരീക്ഷണം നടത്തിയിരുന്നു.

ഹൈദരാബാദിലെ നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വളണ്ടിയര്‍മാര്‍ക്ക് ഇന്ന് വാക്‌സിന്‍ പരീക്ഷണാര്‍ത്ഥം നല്‍കി. ആദ്യ രണ്ട് ഘട്ട പരീക്ഷണത്തിലും വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞെന്ന് കമ്പനി പറഞ്ഞു.
നേരത്തെ അമേരിക്കന്‍ കമ്പനികളായ ഫൈസറിന്റെയും മോഡേണയുടെയും വാക്‌സിനുകള്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരുന്നു. മോഡേണയുടെ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്നും വിവരം. 2021ന്റെ രണ്ടാംപാദത്തിൽ വാക്സിൻ തയ്യാറാവുമെന്നാണ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ 2021 ഫെബ്രുവരിയിലോ മാർച്ചിലോ തന്നെ വാക്സിൻ പുറത്തിറക്കാൻ സാധിക്കുമെന്ന് ഐസിഎംആർ പറയുന്നു.