പാലക്കാട്: പൂളക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകന് ആമിലിനെ കൊലപ്പെടുത്തിയത്. കുളിമുറിയില്‍വെച്ച് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിദ പോലീസിന് നല്കിയ വിവരം.
ദൈവത്തിനുള്ള ബലിയായാണ് താന്‍ മകനെ കൊലപ്പെടുത്തിയതെന്നാണ് ഷാഹിദയുടെ മൊഴി. പുലര്‍ച്ചെ നാല് മണിയോടെയാണ് പൊലീസിന്റെ കണ്ട്രോള് റൂമിലേക്ക് താന്‍ മകനെ ബലി നല്‍കിയെന്ന് ഷാഹിദ തന്നെ വിളിച്ചറിയിക്കുന്നത്. കണ്ണാടിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം അപ്പോള്‍ തന്നെ പുളക്കാട്ടെ വീട്ടിലെത്തുകയായിരുന്നു. കുളിമുറിയില്‍ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ അമ്മ ഷാഹിദ കഴുത്തറത്തതെന്ന് പൊലീസ് പറയുന്നു. ഈ സമയം പാര്‍സല്‍ ലോറി െ്രെഡവറായ ഭര്‍ത്താവ് സുലൈമാനും മറ്റ് രണ്ട് ആണ്മക്കളും വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു.
മദ്രസ അധ്യാപിക കൂടിയായ ഷാഹിദ മൂന്ന് മാസം ഗര്‍ഭിണിയുമാണ്. ഷാഹിദയ്ക്ക് പുറത്തറിയുന്ന വിധത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവരെ കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും കുട്ടികളോടു നന്നായി പെരുമാറുന്നയാളാണെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് എസ്പി ആര് വിശ്വനാഥ് സ്ഥലത്തെത്തി. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഷാഹിദയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മറ്റെന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍ ഇവര്‍ക്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ആമിലിന്റെ മൃതദേഷം ഇന്‍ക്വസ്റ്റിന് ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.