മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്നുവന്ന മയക്കുവരുന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി മുന്‍ നിര താരങ്ങള്‍ ഇപ്പോള്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. ഇന്ത്യയില്‍ നിരോധിച്ച ചില മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട് ചില വാട്‌സാപ്പ് സന്ദേശങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലായിരിക്കുന്നത്.

എന്നാല്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ ഇങ്ങനെ ചോരുമോ എന്ന ആശങ്ക എല്ലാവരും പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ്. വാട്‌സാപ്പിലൂടെ അയയ്ക്കുന്ന സന്ദേശങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും മൂന്നാമതൊരാള്‍ക്ക് അത് ലഭ്യമാകില്ലെന്നും വാട്‌സാപ്പിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സന്ദേശങ്ങള്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഉറപ്പുനല്‍കുന്നതാണ്. നിങ്ങള്‍ ആര്‍ക്കാണോ സന്ദേശങ്ങള്‍ അയയ്ക്കുന്നത് അവര്‍ക്കല്ലാത്തെ മൂന്നാമതൊരാള്‍ക്ക് ലഭ്യമാകില്ല. വാട്‌സാപ്പിലെ എല്ലാ സന്ദേശങ്ങള്‍ക്കും ഇത് ബാധകമാണെന്നും വാട്‌സാപ്പിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, ഇത്രയും സുരക്ഷ വാട്‌സാപ്പിന് ഉണ്ടായിട്ടും ബോളിവുഡ് താരങ്ങളുടെ സന്ദേശങ്ങള്‍ എങ്ങനെ ലീക്കായി എന്നാണ് ഉയരുന്ന ആശങ്ക. അതേസമയം, ലീഗല്‍ ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്കും വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച് വാട്‌സാപ്പിന് പ്രത്യേക ചട്ടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. അതിന് അനുസരിച്ച് മത്രമേ അക്കൗണ്ട് സംബന്ധിച്ച് ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുകയുള്ളൂ.