കല്‍പറ്റ: മാസ്‌ക് പോലും ധരിക്കാതെ മദ്യപിച്ച് ആടിക്കുഴഞ്ഞ നിലയില്‍ സിഐ പൊതുസ്ഥലത്ത്. നിയന്ത്രണമില്ലാതെ ഇയാള്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. ഒടുവില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. വെള്ളിയാഴ്ച വൈകിട്ടു മൂന്നു മണിയോടെ കേണിച്ചിറയിലാണു സംഭവം.

തിരുവമ്പാടി സിഐയും കേണിച്ചിറ സ്വദേശിയുമായ ഷജു ജോസഫാണ് മദ്യപിച്ച് കാറുമെടുത്ത് ടൗണിലേക്കിറങ്ങിയത്. നിയന്ത്രണമില്ലാതെ വാഹനമോടിച്ച ഇയാള്‍ എതിരെ വന്ന ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തില്‍ ബത്തേരി തോട്ടുമ്മല്‍ ഇര്‍ഷാദ്, ഭാര്യ റഹിയാനത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ സിഐയെ തടഞ്ഞുവച്ച് പൊലീസിലേല്‍പിക്കുകയായിരുന്നു.

മാസ്‌ക് പോലും ധരിക്കാതെയാണു മദ്യപിച്ച് ആടിക്കുഴഞ്ഞ നിലയില്‍ സിഐ പൊതുസ്ഥലത്തിറങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ ഇയാള്‍ പലരെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പൊലീസ് ജീപ്പ് എത്തിയ ഉടന്‍ മുന്‍വശത്തു തന്നെയുള്ള സീറ്റില്‍ തന്നെ കയറി ഇരുന്ന് സിഐ സ്ഥലംവിടുകയും ചെയ്തു.
അതേസമയം വൈദ്യപരിശോധന നടത്താന്‍ വൈകിയെന്നും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായെന്നുമുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, മദ്യപിച്ച് വാഹനമോടിച്ചതിനു കേസ് എടുത്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വിഡിയോ നാട്ടുകാര്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഇട്ടത് വൈറലായി. നേരത്തെ കേണിച്ചിറ സിഐ ആയിരുന്നു ഷജു. കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ മാനന്തവാടിയില്‍ പ്രസംഗിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്ത് വിവാദത്തില്‍പെട്ടിരുന്നു.