ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍ ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്വന്തം വസതിയില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സന്തോഷിനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തി.

സംഭവത്തിന് പിന്നാലെ പ്രതികണവുമായി മുഖ്യമന്ത്രി യെദ്യൂരപ്പ രംഗത്തെത്തി. എന്തിനാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിചരിക്കുകയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത് സന്തോഷ് വിഷാദരോഗത്തിന് അടിമയായിരുന്നു എന്നാണ്. എന്നാല്‍, കേസ് സംബന്ധിച്ച് ആശുപത്രി ഇതുവരെ ഒരു പ്രസ്താവനയും നല്‍കിയിട്ടില്ല.

ഈ വര്‍ഷമാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സന്തോഷിനെ നിയമിച്ചത്. മുന്‍പത്തെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നേതൃത്വം നല്‍കിയ ഒപ്പറേഷന്‍ താമരയില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് എന്‍.ആര്‍ സന്തോഷ്.