വിജയവാഡ: ആന്ധ്രാപ്രദേശില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ഹനുമന്പതിലാണ് ക്രൂരകൃത്യം നടന്നത്. പ്രണയാഭ്യര്‍ത്ഥന നടത്തിയ ആള് യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ വച്ചു മരിച്ചു. വിജയവാഡയിലെ കോവിഡ് കെയര്‍ സെന്ററില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു 24കാരിയായ യുവതി. തിങ്കളാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് തിരിച്ചെത്തിയ യുവതിയെ കാത്തു നിന്ന യുവാവ് പൊലീസില്‍ പരാതി നല്‍കിയതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയില്‍ കയ്യില്‍ കരുതിയ പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ദേഹത്ത് തീപടര്‍ന്ന യുവതി ഇയാളേയും ചേര്‍ത്ത് പിടിച്ചു. യുവതിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.