കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും ‘രണ്ടില’ ഇല്ലാതെ തന്നെ തിരഞ്ഞെടുപ്പിനെ നേരിടും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഹൈക്കോടതി വിധിയിലൂടെ ജോസ് കെ മാണി നേടിയത് നിയമ പോരാട്ടത്തിലെ വിജയം മാത്രമല്ല, തിരഞ്ഞെടുപ്പിലെ പാതി വിജയം കൂടിയാണ്. പി.ജെ ജോസഫിന് ആണെങ്കില്‍ രാഷ്ട്രീയ തിരിച്ചടി മാത്രമല്ല, വ്യക്തി ജീവിതത്തില്‍ ഒരു തീരാനഷ്ടത്തിന്റെ ദിനം കൂടിയാണ് കടന്നുപോകുന്നത്.

തിരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടിയ്ക്കും അവരുടെ ചിഹ്നം ഏറെ പ്രധാനപ്പെട്ടതാണ്. സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിക്കാതിരുന്നാല്‍ അത് വലിയ പ്രതിസന്ധിയാണ് പാര്‍ട്ടികള്‍ക്ക്. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് വിഭാഗങ്ങള്‍ക്കും അങ്ങനെ തന്നെ ആയിരുന്നു കാര്യങ്ങള്‍. കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടി പേരും ‘രണ്ടില’ ചിഹ്നവും ആദ്യം അനുവദിച്ച് കിട്ടിയത് ജോസ് കെ മാണിയ്ക്കായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റേതായിരുന്നു തീരുമാനം. ഇതിനെതിരെ കോടതിയില്‍ പോയത് പിജെ ജോസഫ് ആയിരുന്നു. ഇപ്പോള്‍ കോടതിയിലും ജോസ് തന്നെ വിജയിച്ചു.

പാര്‍ട്ടിയുടെ പേരും രണ്ടില ചിഹ്നവും കിട്ടിയതോടെ തിരഞ്ഞെടുപ്പിലും പാതി വിജിച്ച ആഹ്ലാദത്തിലും ആശ്വാസത്തിലും ആണ് ജോസ് കെ മാണി. പരമ്പരാഗത കേരള കോണ്‍ഗ്രസ് വോട്ടുകളെ പിടിച്ചുനിര്‍ത്താന്‍ പാര്‍ട്ടിയുടെ പേരുകൊണ്ടും ചിഹ്നം കൊണ്ടും സാധിക്കും എന്നാണ് ജോസിന്റെ പ്രതീക്ഷ. യുഡിഎഫ് ക്യാമ്പിനും ജോസഫ് പക്ഷത്തിനും അതി ശക്തമായ തിരിച്ചടിയാണ് കോടതി വിധി. ജോസിന്റെ എല്‍ഡിഎഫ് പ്രവേശനത്തോടെ നഷ്ടം സംഭവിച്ചിട്ടുള്ളത് മുഴുവന്‍ അവര്‍ക്കാണ്. ഇടത് പിന്തുണയോടെ ജോസ് അത്ഭുതം പ്രവര്‍ത്തിച്ചാല്‍ പിന്നെ ജോസഫിന് രാഷ്ട്രീയ നിലനില്‍പ് പോലും ഉണ്ടാവില്ല. പാര്‍ട്ടി ചിഹ്നവും പേരും നഷ്ടപ്പെട്ടതോടെ ജോസഫ് ഗ്രൂപ്പ് കൂടുതല്‍ ആശങ്കയില്‍ ആണ്.
പിജെ ജോസഫ് എന്നും കേരള കോണ്‍ഗ്രസ്സുകാരന്‍ തന്നെ ആണ്. എന്നാല്‍ എന്നും കേരള കോണ്‍ഗ്രസ് എം ആയിരുന്നില്ല. പലതവണ മാണിയുമായി പിരിഞ്ഞതാണ്. കേരള കോണ്‍ഗ്രസ് (ജെ) രൂപീകരിച്ച് ഇടതിനൊപ്പം നിന്നപ്പോള്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം സൈക്കിള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ചിഹ്നം അത്ര വലിയ പ്രശ്‌നമല്ലെന്ന നിലപാടും ഒരു വിഭാഗം സ്വീകരിക്കുന്നുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിനൊപ്പം എന്നും നില്‍ക്കുകയും പിളര്‍ന്നപ്പോള്‍ ജോസഫിനൊപ്പം പോവുകയും ചെയ്തവര്‍ക്ക് ഇതൊരു വൈകാരിക പ്രശ്‌നമായി മാറിയേക്കാം. അടിത്തട്ടിലും ആടിനില്‍ക്കുന്ന വോട്ടുകള്‍ ജോസ് പക്ഷത്തേക്ക് മറിയാനും സാധ്യതയേറയാണ്. അത് പരമാവധി ഉപയോഗപ്പെടുത്തുക എന്നത് തന്നെ ആയിരിക്കും ജോസിന്റെ ലക്ഷ്യം.
കോട്ടയത്ത് സിപിഎമ്മിനും ഇടതുപക്ഷത്തിനും വലിയ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഒന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല. എന്നാല്‍ ജോസ് പക്ഷം കൂടെ നില്‍ക്കുമ്പോള്‍ ചരിത്രം വഴിമാറിയേക്കും എന്ന പ്രതീക്ഷയാണ് ഇടതുമുന്നണിയ്ക്കുള്ളത്. അതുകൊണ്ട് തന്നെയാണ്, പ്രധാന ഘടകകക്ഷിയായ സിപിഐയെ പോലും വെറുപ്പിച്ച് ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി പലയിടത്തും വിട്ടുവീഴ്ച ചെയ്തത്. ചിഹ്നവും പാര്‍ട്ടിയുടെ പേരും ലഭിച്ചതില്‍ എല്‍ഡിഎഫിനും ആശ്വാസമാണ്.