THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, October 5, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news രാത്രിമഴ പെയ്തു തോര്‍ന്നു; സുഗതകുമാരിക്ക് വിട

രാത്രിമഴ പെയ്തു തോര്‍ന്നു; സുഗതകുമാരിക്ക് വിട

adpost

adpost

തിരുവനന്തപുരം: മലയാളമാകെ കവിതയുടെ രാത്രിമഴ പെയ്യിച്ച കവയിത്രി സുഗതകുമാരി ഇനി ഓർമ. എൺപത്തിയാറ് വയസ്സായിരുന്നു. കോവിഡ് ബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണത്തിലിരിക്കെയായിരുന്നു അന്ത്യം.

1960-ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച മുത്തുച്ചിപ്പി എന്ന കവിതാസമാഹാരമാണ് സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം. തുടർന്ന് പാതിരാപ്പൂക്കൾ, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുൾചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകൾ, മേഘം വന്നുതോറ്റപ്പോൾ, പൂവഴി മറുവഴി, കാടിന്കാവൽ തുടങ്ങി ധാരാളം കൃതികൾ മലയാള സാഹിത്യത്തിന് ആ തൂലികയിൽ നിന്നും ലഭിച്ചു.

കേരളസാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, പദ്മശ്രീ, എഴുത്തച്ഛൻ പുരസ്കാരം, സരസ്വതി സമ്മാൻ, മാതൃഭൂമി സാഹിത്യപുരസ്കാരം, ബാലസാഹിത്യത്തിനു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം തുടങ്ങി അനേകം പുരസ്കാരങ്ങൾ നല്കി സാഹിത്യസാംസ്കാരികലോകം ആദരിച്ചിട്ടുണ്ട്.

ആറന്മുളയിലെ വഴുവേലി തറവാട്ടിൽ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവർത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്കൃതം പണ്ഡിതയായ വി. കെ കാർത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തിൽ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദമെടുത്തശേഷം ധർമാർഥ കാമമോക്ഷങ്ങളിലെ മോക്ഷം എന്ന സങ്കല്പത്തെക്കുറിച്ച് മൂന്ന് വർഷം തത്വശാസ്ത്രഗവേഷണപഠനം നടത്തിയെങ്കിലും പൂർത്തിയാക്കാതെ ഉപേക്ഷിച്ചു.

വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനും നിരൂപകനുമായിരുന്ന പരേതനായ ഡോ. കെ വേലായുധൻ നായരായിരുന്നു ഭർത്താവ്. ലക്ഷ്മി ഏകമകളാണ്. സഹോദരിമാരായ ഡോ. ഹൃദയകുമാരി, ഡോ. സുജാതാദേവി എന്നിവർ സാഹിത്യ-സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിൽ കവയിത്രിയ്ക്കൊപ്പം തന്നെ വളർന്നവരായിരുന്നു. ഇരുവരുടെയും മരണം സുഗതകുമാരിയെ അഗാധമായ ദു:ഖത്തിലാഴ്ത്തിയിരുന്നു. രോഗബാധിതയായി സുജാതാദേവി അന്തരിച്ചപ്പോൾ തന്റെ അനുജത്തിയ്ക്കുവേണ്ടി സുജാത എന്ന ഹൃദയഹാരിയായ കവിതയെഴുതിയായിരുന്നു സുഗതകുമാരി ടീച്ചർ താപമടക്കിയത്.

കേരളത്തിൽ പ്രകൃതി സംരക്ഷണസമിതി രൂപീകരിച്ചപ്പോൾ സ്ഥാപക സെക്രട്ടറിയായി പ്രവർത്തിച്ചു. ഉറ്റവരാൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെഅഭയ എന്ന സ്ഥാപനം ആരംഭിച്ചു. സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതൃനിരകളിലൊരാൾ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com