ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ ക്രൈസിസ് മാനേജറാണ് അഹമ്മദ് പട്ടേല്‍. അദ്ദേഹം അസുഖബാധിതനായി ഇപ്പോള്‍ ആശുപത്രിയിലായ സ്ഥിതിക്ക് രാഹുല്‍ ഗാന്ധിയെ ശക്തിപ്പെടുത്താന്‍ സീനിയറായ അശോക് ഗെലോട്ട് നിയോഗിക്കപ്പെട്ടിരിക്കുന്നു. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഇത് വലിയ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസിന് സമീപകാലത്തുണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും മുന്നില്‍ നിന്ന് പരിഹരിച്ചത് അഹമ്മദ് പട്ടേല്‍. സോണിയാ ഗാന്ധി വന്നപ്പോള്‍ മുതല്‍ അങ്ങനെയാണ്. എല്ലാ പാര്‍ട്ടികളിലും അഹമ്മദ് പട്ടേലിനുള്ള സ്വാധീനം അത്രത്തോളമുണ്ടായിരുന്നു. മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കിയതും ജെഡിഎസ്സുമായുള്ള സഖ്യവും ഗുജറാത്തിലെ രാജ്യസഭാ സീറ്റിലെ വിജയവും പട്ടേലിന്റെ ക്രെഡിറ്റായിരുന്നു. എന്നാല്‍ രാഹുല്‍ അപ്പോഴും പട്ടേലുമായി അകന്നിട്ടാണ്. അദ്ദേഹത്തിന്റെ സമവായ രാഷ്ട്രീയത്തിനാണ് ഗെലോട്ടിലൂടെ രാഹുല്‍ പകരക്കാരനെ കണ്ടെത്തിയിരിക്കുന്നത്.

അശോക് ഗെലോട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കപില്‍ സിബലിന് നല്‍കിയ മറുപടിയും, ലൗ ജിഹാദില്‍ ബിജെപിയെ കടന്നാക്രമിച്ചതും അദ്ദേഹത്തിന്റെ റോള്‍ മാറ്റത്തിന്റെ തുടക്കമാണ്. അഗ്രസീവായിട്ടുള്ള ഗെലോട്ട് രാഹുലിന്റെ വിശ്വസ്തനായി മാറിയത് രാജസ്ഥാന്‍ കൈവിടാതെ കാത്തത് കൊണ്ടാണ്. രാഹുലുമായി വ്യക്തി ബന്ധം ഗെലോട്ടിനുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരത്തെ ഗംഭീര പ്രകടനം നടത്തിയിരുന്നു. ഇത് അടിത്തട്ടില്‍ ഗെലോട്ടിന്റെ പ്രവര്‍ത്തനം സൂപ്പറായത് കൊണ്ടാണ്. കോണ്‍ഗ്രസില്‍ ഇന്ന് ഗെലോട്ടിനെ പോലെ അധികം നേതാക്കളില്ലെന്ന് രാഹുലിനറിയാം.
ഗെലോട്ട് താഴെ തട്ടിലുള്ള നേതാക്കളുമായി വളരെ അടുപ്പമുള്ള നേതാവാണ്. സീനിയര്‍ നേതാവാണ്. പാര്‍ട്ടിയിലെ ഏത് നേതാക്കളുമായും ഗെലോട്ടിന് അടുപ്പമുണ്ട്. ഒരു വിളി ഗെലോട്ടില്‍ നിന്ന് വന്നാല്‍ ഏത് നേതാവും അത് കേള്‍ക്കാന്‍ തയ്യാറാവും. ഒരിക്കലും ആരോടും മോശമായി പെരുമാറുന്ന നേതാവല്ല ഗെലോട്ട്. ഒരിക്കല്‍ മാത്രമാണ് സച്ചിന്‍ പൈലറ്റിനെതിരെ മോശം പ്രയോഗം നടത്തിയത്. ഇത് മുമ്പ് ഗെലോട്ടില്‍ നിന്ന് ഒരിക്കലും ഉണ്ടാവാത്ത കാര്യമാണ്. പക്ഷേ ആ ചീത്തപ്പേര് നിമിഷ നേരം കൊണ്ടാണ് ഗെലോട്ട് മാറ്റിയത്.
സമീപകാലത്ത് കോണ്‍ഗ്രസ് മധ്യപ്രദേശ്, കര്‍ണാടക എന്നിവ ബിജെപിയുടെ കൂറുമാറ്റത്തില്‍ ഭരണം നഷ്ടമായ സംസ്ഥാനങ്ങളാണ്. എന്നാല്‍ രാജസ്ഥാനിലും സമാന പ്രതിസന്ധി നേരിട്ടിരുന്നു. പക്ഷേ കൃത്യമായ പ്ലാനൊരുക്കി ബിജെപിയുടെ സകല തന്ത്രങ്ങളെയും ഗെലോട്ട് തകര്‍ത്തു. രാജസ്ഥാനിലെ കോട്ട കാത്തത് ഗെലോട്ടിന്റെ മാത്രം മിടുക്കായിരുന്നു. രാഹുല്‍ ഗാന്ധിയെ ഈ സംഭവം ഗെലോട്ടിന്റെ ആരാധകനാക്കി മാറ്റിയിരിക്കുകയാണ്. പട്ടേലിന് പകരക്കാരനെ കണ്ടെത്താന്‍ കാത്തിരുന്ന രാഹുലിന് അതിനുള്ള അവസരം കൂടിയാണ് ലഭിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷമാണ് ഗെലോട്ടിന്റെ മുന്നില്‍ ഇനിയുള്ളത്. 2023ല്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉണ്ടാവില്ല. പകരം രാഹുലിന്റെ ടീമിലേക്ക് എത്തുമെന്ന് ഗാന്ധി കുടുംബം തന്നെ സൂചിപ്പിക്കുന്നു. അതിന് മുമ്പേ തന്നെ ഗെലോട്ടിനെ പതിയെ ദേശീയ ചുമതലകള്‍ ഏല്‍പ്പിക്കും. ഗുജറാത്തില്‍ നല്‍കിയത് പോലെ ഹിന്ദി ഹൃദയ ഭൂമിയിലെ സംസ്ഥാനങ്ങള്‍ ഗെലോട്ടിന് നല്‍കാനാണ് സാധ്യത. അതിലുപരി വസുന്ധര രാജ സിന്ധ്യയ്ക്ക് ഭരണം കൈമാറുന്നത് എല്ലാ അഞ്ച് വര്‍ഷത്തിന് ശേഷവും ഗെലോട്ട് ചെയ്യാറുള്ള കാര്യമാണ്.