റാന്നി : നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ 25 വര്‍ഷം റാന്നിയുടെ എംഎല്‍എയായ രാജു എബ്രഹാം മത്സരിച്ചേക്കില്ല . രാജു എബ്രഹാമിനെ മാറ്റി ഓര്‍ത്തഡോക്‌സ് വൈദികന്‍ മാത്യൂസ് വാഴക്കുന്നത്തിനെ ഇറക്കാനാണ് സിപിഐഎം ആലോചന. രാജു എബ്രഹാമിനെ ലോക്‌സഭയിലേക്കെത്തിക്കാനാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്നും മാറ്റി നിര്‍ത്തുന്നതെന്നാണ് വിവരം.

റാന്നി സീറ്റിലേക്ക് ജോസ് കെ മാണി നോട്ടമിട്ടിട്ടുണ്ടെങ്കിലും യുഡിഎഫ് കോട്ട തകര്‍ത്ത് നേടിയ സീറ്റ് സിപിഐഎം വിട്ടുകൊടുത്തേക്കില്ല.

സിപിഐഎം പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഫാ മാത്യൂസ് വാഴക്കുന്നം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൈദികന്‍ എന്നതിനപ്പുറം സഖാവ് എന്നറിയപ്പെടാനാണ് താല്‍പര്യമെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റാന്നിയിലേക്ക് ഇദ്ദേഹത്തിന്റെ പേര് പരിഗണിക്കുന്നത്.

എന്നാല്‍ റാന്നിക്കുവേണ്ടി ജോസ് കെ മാണി മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കുമെന്നാണ് സൂചന. ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലം നേടിയെടുക്കാനാണ് ജോസ് കെ മാണിയുടെ ആലോചനയെന്നാണ് വിവരം. സിപിഐഎമ്മില്‍ നിന്നും സീറ്റ് ലഭിച്ചാല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്‍എം രാജുവിനെയാവും ഇവിടെ ഇറക്കുക. തിരുവല്ല കിട്ടില്ലെന്ന് ഏറക്കുറെ ഉറപ്പായതോടെയാണ് റാന്നിക്കുവേണ്ടിയുള്ള ചരടുവലികളിലേക്ക് ജോസ് കെ മാണി നീങ്ങിയിരിക്കുന്നത്.
എന്നാല്‍, റാന്നി വിട്ടുനല്‍കിയാല്‍ പത്തനംതിട്ടയില്‍ സിറ്റിങ് സീറ്റുകള്‍ രണ്ടായി സിപിഐഎം ചുരുങ്ങും. 1996ലാണ് യുഡിഎഫിന്റെ ഉറച്ച കോട്ടയായ റാന്നിയില്‍ രാജു എബ്രഹാമിനെ ഇറക്കി സിപിഐഎം വിജയക്കൊടി പാറിച്ചത്. കോണ്‍ഗ്രസിന്റെ പീലിപ്പോസ് തോമസിനെ 3,429 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു രാജു എബ്രഹാം റാന്നിയുടെ എംഎല്‍എയായത്. തുടര്‍ന്നിങ്ങോട്ടുള്ള ഒരു തെരഞ്ഞെടുപ്പിലും രാജു എബ്രഹാമല്ലാതെ മറ്റൊരാളെ റാന്നി നിയമസഭയിലേക്കെത്തിച്ചിട്ടില്ല.
യുവ നേതാവും പിഎസ്‌സി എംഗവുമായ റോഷന്‍ റോയ് മാത്യുവിനെ പരിഗണിക്കണമെന്നാണ് റാന്നിയിലെ ലോക്കൽ ഘടകങ്ങൾ ആവിശ്യപ്പെടുന്നത് .
പത്തനംതിട്ടജില്ലയിലെ ആറൻമുളയും റാന്നിയും ഓർത്തഡോക്സ് സമുദായത്തിൽപ്പെട്ടവർക്ക് വിട്ടുകൊടുക്കുന്നതിൽ അണികൾക്ക് ഇടയിൽ വിമര്ശനമുയരുവാനുള്ള സാധ്യത പാർട്ടി പരിഗണിക്കണമെന്നാണ് ജില്ലാ തല നേതാക്കൾ ആവിശ്യപെടുന്നത് .