തിരുവനന്തപുരം: മുസ്ലീം ലീഗ് കോണ്‍ഗ്രസിനകത്ത് പിടിമുറുക്കുന്നുവെന്ന വാദം തെറ്റാണെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ വിഷയങ്ങളിലൊന്നും അവര്‍ അനാവശ്യമായി ഇടപെടാറില്ല. ലീഗ് അങ്ങനെ ഔദ്യോഗികമായി കോണ്‍ഗ്രസിനകത്ത് ഒരു മാറ്റവും വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അവര്‍ ഒരു പാര്‍ട്ടിയുടെയും കാര്യങ്ങളില്‍ ഇടപെടാറില്ല. അത്തരം സ്വഭാവവും അവര്‍ക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു.

ഈ പറയുന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പടച്ചുവിടുന്നവയാണ്. നാട്ടില്‍ വര്‍ഗീയ ലഹളയുണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ലീഗിനെ തളര്‍ത്താനുള്ള നീക്കമാണ് നടത്തുന്നത്. അദ്ദേഹം മനസ്സില്‍ കണ്ട കാര്യങ്ങള്‍ നടക്കില്ല. ആ വെള്ളം അങ്ങ് വാങ്ങി വെക്കുന്നതാണ് നല്ലത്. അതൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ പോവുന്നില്ല. മുസ്ലീം ലീഗ് യുഡിഎഫിലെ രണ്ടാം കക്ഷിയാണ്.

അവരെ ദുര്‍ബലപ്പെടുത്താനും ആക്ഷേപിക്കാനും മുഖ്യമന്ത്രി അടക്കം നിരന്തരമായി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിത്. ലീഗ് ഇന്നുവരെ കോണ്‍ഗ്രസിന്റെ ഏതെങ്കിലും ഔദ്യോഗിക കാര്യത്തിലോ സംഘടനാ കാര്യത്തിലോ ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ലീഗ് ആകെ ആവശ്യപ്പെട്ടത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് കൂടുതല്‍ ശക്തമായി മുന്നോട്ട് പോകണം എന്നാണ്. ബാക്കിയെല്ലാം വാര്‍ത്തകളും തെറ്റാണ്. യുഡിഎഫ് ശക്തമായി മുന്നോട്ട് പോകണമെന്ന്് പറയാന്‍ ലീഗിന് മാത്രമല്ല, എല്ലാ ഘടകകക്ഷികള്‍ക്കും അവകാശമുണ്ട്. കാരണം യുഡിഎഫില്‍ എല്ലാ കക്ഷികള്‍ക്കും തുല്യമായ അധികാരമാണ് ഉള്ളത്. മതന്യൂനപക്ഷങ്ങളുടെ ആശങ്ക യുഡിഎഫ് പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടി വിഷയത്തില്‍ നിലപാട് അവര്‍ തന്നെ അറിയിച്ചതാണെന്നും ചെന്നിത്തല വ്യക്തമാക്കി. പതിപക്ഷ നേതാവ് ഫെബ്രുവരി ഒന്ന് മുതല്‍ 22 വരെ കേരള യാത്ര നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ വിവിധ സീറ്റുകള്‍ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടിലെ കല്‍പ്പറ്റ സീറ്റ് വേണമെന്നാണ് പുതിയ ആവശ്യം. നേരത്തെ എല്‍ജെഡി കൈവശം വെച്ച സീറ്റാണിത്. നിലവില്‍ എല്‍ജെഡി എല്‍ഡിഎഫിനൊപ്പമാണ്. അതുകൊണ്ടാണ് ഈ സീറ്റ് ആവശ്യപ്പെടുന്നത്. മണ്ഡലം കമ്മിറ്റിക്കാണ് ഇത്തരമൊരു ആവശ്യമുള്ളത്. ലീഗിന് മത്സരിക്കാന്‍ സീറ്റ് ഇല്ലാതിരുന്ന ജില്ലയാണ് വയനാട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് വയനാട്ടില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തു. കോഴിക്കോട് രണ്ട് സീറ്റിലും ലീഗ് കൂടുതലായി മത്സരിച്ചേക്കും.