തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫ് മിഷനില്‍ നടന്ന ക്രമക്കേടില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിയായ സിബിഐ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് സിബിഐയുടെ കൊച്ചി പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു

ഫോറിന്‍ കോണ്ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്( എഫ്‌സിആര്‍എ) പ്രകാരം എടുത്തിട്ടുള്ള കേസില്‍ നിലവില്‍ ആരേയും പ്രതിചേര്‍ത്തിട്ടില്ല. വിദേശത്ത് നിന്നുള്ള സഹായം സ്വീകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പാലിച്ചോയെന്ന കാര്യവും കേസിലെ അഴിമതിയും അന്വേഷണ പരിധിയില്‍ വരും.

അന്വേഷണത്തിന് ആവശ്യമായ രേഖകള്‍ ഉള്‍പ്പടെ പിടിച്ചെടുക്കാന്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ള വ്യക്തികളെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണക്കത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കമ്മീഷന്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ നേരത്തെ തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് നേരത്തെ ലൈഫ് മിഷന്‍ സിഇഒയായ യു വി ജോസിനെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ പദ്ധതി കേരളത്തില്‍ നോക്കി നടത്തുന്ന യൂണിടാക്ക് എംഡി സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനില്‍ ഉണ്ടായി എന്ന കാരണത്താലാണ് ഇപ്പോള്‍ സിബിഐ കേസ് എടുത്തിരിക്കുന്നത്.