വടകര: കല്ലാമലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചേക്കും. കെ മുരളീധരന്‍ എം.പി ജനകീയ മുന്നണി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിന് എത്തുമെന്ന് സൂചന. യുഡിഎഫ് നേതൃത്വം ഇടപെട്ടതോടെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാട് മയപ്പെടുത്തി എന്നാണ് കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ നിന്നുള്ള വിവരം. ഒരുപക്ഷേ ഞായറാഴ്ച തന്നെ മുരളീധരന്‍ പ്രചാരണം നടത്തും.

ആര്‍.എം.പിക്ക് ഭൂരിപക്ഷമുള്ള വടകര ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകള്‍ വിട്ടുകൊടുത്താണ് കല്ലാമല ഡിവിഷന്‍ ആര്‍.എം.പി ഏറ്റെടുത്തത്. അതുകൊണ്ടുതന്നെയാണ് യു.ഡി.എഫ് ആര്‍എംപിക്കൊപ്പം നില്‍ക്കുന്നതും ജനകീയ മുന്നണി സംവിധാനത്തില്‍ ജനവിധി തേടുന്നതും. എന്നാല്‍ യുഡിഎഫ് കക്ഷികളല്ലാത്തവരുമായി ധാരണ വേണ്ട എന്ന മുന്നണി തീരുമാനം നടപ്പാക്കണമെന്നാണ് മുല്ലപ്പള്ളി വാദിച്ചത്. മത്രമല്ല, കല്ലാമലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും ചെയ്തു. ഇതോടെയാണ് കെ മുരളീധരന്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നത്. അദ്ദേഹം വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് പോകുകയും ചെയ്തു. പിന്നീട് നടന്ന അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് പ്രശ്‌നം പരിഹരിച്ചതെന്ന് നേതാക്കള്‍ പറയുന്നു.

രണ്ടുദിവസം മുമ്പ് വരെ കത്തിനിന്ന വിഷയമായിരുന്നു വടകരയിലേത്. അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് വിവാദ പ്രസ്താവനകളില്‍ നിന്ന് മാറി നിന്ന് എല്ലാവരും സംയമനം പാലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. വടകരയില്‍ കെ മുരളീധരന്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വടകരയിലെ കല്ലാമല ഡിവിഷനില്‍ കാലങ്ങളായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് മല്‍സരിക്കുന്നത്. ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്‍സരിക്കുന്നുണ്ട്. അദ്ദേഹത്തിന് ചിഹ്നം നല്‍കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞാന്‍ മുന്‍കൈ എടുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞിരന്നു.