കല്‍പ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടവോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ ജില്ലയായി വയനാട് മാറിയിരിക്കുകയാണ്. 79.46 ശതമാനം പോളിങാണ് വയനാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പോളിങ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ വിജയം നല്‍കിയ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിന് സമാനമായി വോട്ടിങ് ശതമാനം ഉയര്‍ന്നതോടെ യുഡിഎഫ് നേതാക്കള്‍ വലിയ ആത്മവിശ്വാസത്തോടെയാണ് അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 80.28 ശതമാനം പോളിങായിരുന്നു രേഖപ്പെടുത്തിയത്. അന്ന് രാഹുല്‍ ഗാന്ധിക്ക് ചരിത്ര ഭൂരിപക്ഷം നല്‍കിയാണ് വയനാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ പാര്‍ലമെന്റിലേക്ക് അയച്ചത്. ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ 65 ശതമാനവും രാഹുല്‍ ഗാന്ധിക്ക് ലഭിച്ചപ്പോള്‍ ഇടതുമുന്നണിക്ക് വേണ്ടി മത്സരിച്ച സിപിഐയിലെ വിപി സുനീറിന് 25 ശതമാനം വോട്ട് മാത്രമായിരുന്നു ലഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷത്തിന് മുകളിലേക്ക് കുതിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായ പോളിങ് നടന്നതിനാല്‍ അന്നത്തേതിന് സമാനമായ വിജയം ഉണ്ടാവുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മികച്ച വിജയമാണ് പ്രതീക്ഷ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഒരു പഞ്ചായത്തില്‍ പോലും മേല്‍ക്കൈ നേടാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നില്ല. എല്ലാ പഞ്ചായത്തുകളും രാഹുല്‍ ഗാന്ധിക്കായിരുന്നു ലീഡ് നല്‍കിയത്.
വിരലിലെണ്ണാവുന്ന ബൂത്തുകളില്‍ മാത്രമായിരുന്നു എല്‍ഡിഎഫ് ലീഡ്. കല്‍പറ്റ നിയോജക മണ്ഡലത്തില്‍ 2 ബൂത്തിലും ബത്തേരി നിയോജക മണ്ഡലത്തില്‍ ഒരു ബൂത്തിലും മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഒരു പഞ്ചായത്തിലെ 10 ല്‍ താഴെ ബൂത്തുകളില്‍ മാത്രമായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിക്ക് ലീഡ് നേടാന്‍ സാധിച്ചത്. എല്ലാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിച്ചിരുന്ന തിരുനെല്ലി പഞ്ചായത്തും മീനങ്ങാടി പഞ്ചായത്ത് പോലും യുഡിഎഫ് പിടിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് തിരുനെല്ലി പഞ്ചായത്തില്‍ 1800 വോട്ടിനും മീനങ്ങാടി പഞ്ചായത്തില്‍ 2000 ന് മുകളിലുമായിരുന്നു യുഡിഎഫ് ലീഡ്. ഇതേ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം.