തിരുവനന്തപുരം: വിയോജിപ്പുകളെ കായികബലം കൊണ്ട് ഇല്ലാതാകുന്ന കമ്മ്യൂണിസ്റ്റ് സംസ്കാരം ഒരു ജനാധിപത്യ രാജ്യത്തിനു ചേര്‍ന്നതല്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തില്‍ കയറി ഇക്കാലയളവിനുള്ളില്‍ 32 ജീവനുകള്‍ ഇല്ലാതാക്കിയിട്ടും കൊലക്കത്തി താഴെ വയ്ക്കാന്‍ സിപിഎം തയ്യാറായിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ രക്തദാഹത്തിന്റെ ഒടുവിലത്തെ ഇരയാണ് മലപ്പുറം പാണ്ടിക്കാട്ടെ ലീഗ് പ്രവര്‍ത്തകനായ ആര്യാടന് വീട്ടില്‍ സമീര്‍ എന്നും ചെന്നിത്തല ആരോപിക്കുന്നു.
സമീറിന്റെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടന്ന് നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഭരണത്തില്‍ കയറി ഇക്കാലയളവിനുള്ളില്‍ 32 ജീവനുകള്‍ ഇല്ലാതാക്കിയിട്ടും കൊലക്കത്തി താഴെ വയ്ക്കാന്‍ സിപിഎം തയ്യാറായിട്ടില്ല. സിപിഎമ്മിന്റെ രക്തദാഹത്തിന്റെ ഒടുവിലത്തെ ഇരയാണ് മലപ്പുറം പാണ്ടിക്കാട്ടെ ലീഗ് പ്രവര്‍ത്തകനായ ആര്യാടന് വീട്ടില്‍ സമീര്‍. വിയോജിപ്പുകളെ കായികബലം കൊണ്ട് ഇല്ലാതാകുന്ന കമ്മ്യൂണിസ്റ്റ് സംസ്കാരം ഒരു ജനാധിപത്യ രാജ്യത്തിനു ചേര്‍ന്നതല്ല.
പാര്‍ട്ടി വിട്ടു എന്ന കുറ്റത്തിനു സ്വന്തം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ടി പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് ഇടതുപക്ഷത്തെ നയിക്കുന്നത്. ശുഹൈബും, കൃപേഷും, ശരത് ലാലും ഏറ്റവുമൊടുവില്‍ സമീറും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായി.അനാഥമാക്കപ്പെടുന്ന അവരുടെ കുടുംബങ്ങളുടെ നിലവിളികള്‍ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്.
ഈ കേസുകളില്‍ ഒന്നും കൊലപാതകികളെ തള്ളിപറയാനോ, അവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനോ പിണറായി സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കിയില്ല. പ്രതികളെ സംരക്ഷിക്കാനും, നിഷ്പക്ഷമായ അന്വേഷണം അട്ടിമറിക്കാനും പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. ഭരണത്തിന്റെ തണലുണ്ട് എന്ന വിശ്വാസമാണ് ഓരോ സിപിഎം പ്രവര്‍ത്തകനെയും കൂടുതല്‍ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.
സമീറിന്റെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടന്ന് നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ പോലീസ് നടപടി സ്വീകരിക്കണം. സമീറിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.