ന്യൂഡല്‍ഹി: അടുത്തിടെയാണ് കോവിഡ് കാലത്ത് ജീവിതം തകര്‍ന്നുവെന്നും ജീവിക്കാന്‍ നിവൃത്തിയില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ വൃദ്ധ ദമ്പതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇപ്പോള്‍ വീഡിയോ പങ്കുവെച്ച യൂട്യൂബര്‍ക്കെതിരെ പരാതിയുമായി വൃദ്ധ ദമ്പതികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഡെല്‍ഹിയിലെ ‘ബാബ ക ധാബ’ ഉടമ കാന്ത പ്രസാദും ഭാര്യയുമാണ് യൂട്യൂബറായ ഗൗരവ് വാസനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

തങ്ങള്‍ക്ക് നല്‍കാനെന്ന പേരില്‍ ഓണ്‍ലൈനായി പണം കണ്ടെത്തിയ ഗൗരവ് ആ പണം തട്ടിയെടുത്തെന്നാണ് ദമ്പതികള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗൗരവ് വാസനെതിരെ മാളവ്യ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

‘ഗൗരവ് വാസന്‍ വീഡിയോ എടുത്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്തു. കടയുടമയ്ക്ക് പണം നല്‍കി സഹായിക്കാന്‍ വീഡിയോയിലൂടെ പറഞ്ഞു. എന്നാല്‍ വാസന്‍ ബോധപൂര്‍വ്വം സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറും നല്‍കി സംഭാവന സ്വീകരിച്ചു,’ കാന്ത പോലീസില്‍ നല്‍കിയ പരാതിയില്‍ ഉള്ളത്.
എണ്‍പതുകാരനായ കാന്ത പ്രസാദും ഭാര്യ ബാദമി ദേവിയും ലോക്ക് ഡൗണ്‍ തുടങ്ങിയതിന് പിന്നാലെ സാമ്പത്തികമായി വലിയ രീതിയില്‍ ബുദ്ധിമുട്ടിലായിരുന്നു. തങ്ങളുടെ ദുരിതങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വൃദ്ധ ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.