കൊച്ചി: മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യമെന്ന പേരില്‍ ജനശ്രദ്ധ നേടിയതാണ് ബിജു മേനോന്‍ നായകനായ വെള്ളമൂങ്ങ എന്ന സിനിമ. സമകാലിക രാഷ്ട്രീയത്തിലെ കാപട്യങ്ങളെ ഹാസ്യരൂപത്തില്‍ അവതരിപ്പിച്ച ചിത്രത്തിന് വലിയ ആരാധകരുണ്ട്. വെള്ളിമൂങ്ങയില്‍ നടന്‍ ടിനി ടോം അവതരിപ്പിച്ചത് വിപി ജോസ് എന്ന പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ വേഷമായിരുന്നു. ഈ കഥാപാത്രത്തിന് വേണ്ടി സിപിഎം നേതാവ് എംബി രാജേഷിനെ ആണ് താന്‍ അനുകരിച്ചത് എന്നാണ് ടിനി ടോം വെളിപ്പെടുത്തിയിരിക്കുന്നത്.

വെള്ളിമൂങ്ങയില്‍ നായകനായ ബിജു മേനോന്റെ മാമച്ചന്‍ എന്ന കഥാപാത്രത്തിന് പാരപണിയുന്ന എതിര്‍പക്ഷത്തെ രാഷ്ട്രീയ നേതാവിന്റെ വേഷമാണ് ടിനി ടോം അവതരിപ്പിച്ചിരുന്നത്. വിപി ജോസ് എന്ന കഥാപാത്രം പല കുതന്ത്രങ്ങളും സിനിമയില്‍ പയറ്റുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ രൂപത്തിന് വേണ്ടി താന്‍ അനുകരിച്ചത് മുന്‍ പാലക്കാട് എംപി കൂടിയായ സിപിഎം നേതാവ് എംബി രാജേഷിനെയാണ് എന്നാണ് ടിനി ടോം വെളിപ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ടിവിയിലെ വോട്ട് പടം എന്ന പരിപാടിയിലാണ് ടിനി ടോമിന്റെ വെളിപ്പെടുത്തല്‍. വെള്ളിമൂങ്ങയിലെ ഗെറ്റപ്പ് കണ്ടാല്‍ തന്നെ അറിയാം, എംബി രാജേഷിനെ ആണ് താന്‍ അനുകരിച്ചിരിക്കുന്നത് എന്ന്. എംബി രാജേഷിന്റെ രൂപം അനുകരിച്ച് കാണിച്ചപ്പോള്‍ സംവിധായകനായ ജിബു ജേക്കബിനും അത് ഇഷ്ടപ്പെടുകയായിരുന്നുവെന്നും ടിനി ടോം പറഞ്ഞു. വെള്ളിമൂങ്ങയിലെ തന്റെ കഥാപാത്രത്തിനായി അനുകരിച്ചത് എംബി രാജേഷിനെ ആണെന്ന് അദ്ദേഹത്തെ പിന്നീട് ഒരു പരിപാടിയില്‍ വെച്ച് നേരിട്ട് കണ്ടപ്പോള്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ രൂപമാണ് കഥാപാത്രത്തിന് വേണ്ടി സിനിമയില്‍ അനുകരിച്ചത് എന്നും അതിനാല്‍ ദേഷ്യം തോന്നരുത് എന്നും പറഞ്ഞു. രൂപമല്ലേ, സ്വഭാവമല്ലല്ലോ അനുകരിച്ചത് കുഴപ്പമില്ലെന്ന് എംബി രാജേഷ് മറുപടി പറഞ്ഞതായും ടിനി ടോം പറഞ്ഞു.
വെള്ളിമൂങ്ങ സിനിമയില്‍ നിയമസഭാ തിരഞ്ഞെടുപ്പാണ് കാണിക്കുന്നത്. ആ ചിത്രം ഷൂട്ട് നടക്കുമ്പോള്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. നടന്‍ കൂടിയായ ഇന്നസെന്റ് അന്ന് മത്സരിച്ചിരുന്നു. തങ്ങള്‍ സിനിമയിലെ പ്രചാരണ രംഗം തൊടുപുഴയില്‍ വെച്ച് ചിത്രീകരിക്കുമ്പോള്‍ പലരും ബിജു മേനോനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിച്ചിരുന്നുവെന്നും ടിനി ടോം പറഞ്ഞു. താന്‍ സ്‌കൂള്‍ മുതല്‍ രാഷ്ട്രീയത്തിലുണ്ടെന്ന് ടിനി ടോം പറഞ്ഞു. കോളേജിലും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. മഹാരാജാസ് കോളേജില്‍ അതൊരു ഉത്സവം ആയിരുന്നു. മഹാരാജാസില്‍ തിരഞ്ഞെടുപ്പിന് മത്സരിച്ചപ്പോഴൊക്കെ പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമായിരുന്നുവെന്നും ടിനി ടോം പറഞ്ഞു.
നമ്മുടെ യുവതലമുറ കാര്യങ്ങളെ കുറിച്ച് ധാരണ ഉളളവരാണ്. രാഷ്ട്രീയക്കാരന്‍ എന്നാല്‍ കേസില്‍ അകപ്പെടുന്നവരാണ് എന്ന ധാരണ കൊച്ചു കുട്ടികളില്‍പ്പോലുമുണ്ട്. അത് മാറണം. രാഷ്ട്രീയ നേതാവ് എന്നാല്‍ നമ്മളെ നയിക്കേണ്ട ഒരാളാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ഒരാളാണ്. എല്ലാ പാര്‍ട്ടിയിലും നല്ല ആളുകളുണ്ട്. അവരെ തിരഞ്ഞെടുക്കണം. അവര്‍ ഭരിക്കട്ടെയെന്നും ടിനി ടോം പറഞ്ഞു.
സിനിമകളില്‍ പോലും രാഷ്ട്രീയ നേതാവ് എന്നാല്‍ അഴിമതിക്കാരായാണ് കാണിക്കുന്നത്. നല്ല രാഷ്ട്രീയക്കാരെയും സിനിമയില്‍ അവതരിപ്പിക്കേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവതലമുറയില്‍ നിന്നുളള ഒട്ടേറെ പേര്‍ ഉയര്‍ന്ന് വരുന്നുണ്ട്. എല്ലാ പാര്‍ട്ടികളില്‍ നിന്നുമുളള ശക്തരായ സ്ഥാനാര്‍ത്ഥികളുണ്ട്. പാര്‍ട്ടി വ്യത്യാസം നോക്കാതെ നല്ല സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കണം എന്നും ടിനി ആവശ്യപ്പെട്ടു.