പാറ്റ്‌ന: ബിഹാറില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന ബി.ജെ.പിയുടെ പ്രകടന പത്രിക വാഗ്ദാനം വന്‍ വിവാദത്തില്‍. ലോകത്തെയൊന്നടങ്കം വരിഞ്ഞുമുറുക്കിയ മഹാമാരിയെ വോട്ടുരാഷ്ട്രീയത്തിന് ഉപയോഗിക്കുന്ന ബി.ജെ.പിക്കെതിരെ വന്‍ വിമര്‍ശമാണുയരുന്നത്. കൊവിഡ് വാക്‌സിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് വിലകുറഞ്ഞ സംസ്‌കാരമാണെന്ന് പലരും വിമര്‍ശിക്കുന്നു.

ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഇന്ന് പുറത്തിറക്കിയ പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ്. പ്രകടന പത്രിക പുറത്തിറക്കി കേന്ദ്രമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വന്‍തോതില്‍ കൊവിഡ് വാക്‌സിന്‍ ഉത്പാദനം സാധ്യമാകുമ്പോള്‍ ബിഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രകടന പത്രികയിലുള്ളത്.

മഹാമാരിക്കെതിരെയുള്ള വാക്‌സിന്‍ പ്രകടന പത്രികയില്‍ ഇടംപിടിക്കുന്നത് ഇതാദ്യമാണ്. ഒരുപക്ഷേ ലോകത്തെ തന്നെ ആദ്യ സംഭവമാകുമിത്. ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങള്‍ക്കും ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവര്‍ക്കും വാക്‌സിന്‍ ലഭിക്കില്ലെന്നാണോ ഇതിനര്‍ഥമെന്ന് ഡല്‍ഹി മുഖ്യമന്ത്രിഅരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ ചോദിച്ചു.
തിരഞ്ഞെടുപ്പ് വാഗ്ദാനമായി കൊവിഡ് വാക്‌സിനെ ഉപയോഗിക്കാമെന്ന് ചിന്തിച്ച ലോകത്തെ ഏക രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌വീര്‍ ഷെര്‍ഗില്‍ ട്വീറ്റ് ചെയ്തു. ഈ വാക്‌സിനുകളുടെ വില പാര്‍ട്ടി ഖജനാവില്‍ നിന്ന് ബി.ജെ.പി അടക്കുമോയെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ചോദിച്ചു. അതേസമയം, പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്റെ മറുപടി.