തിരുവനന്തപുരം: യൂട്യൂബ് വീഡിയോ വഴി സ്ത്രീ വിരുദ്ധതയും അശ്ലീലവും പ്രചരിപ്പിച്ച വിജയ് പി നായര്‍ എന്നയാളെ പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിറ്റ് ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ കൈകാര്യം ചെയ്ത സംഭവത്തിന് വന്‍ കയ്യടി ലഭിക്കുകയുണ്ടായി. വിജയ് പി നായര്‍ക്കെതിരെയും ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഭാഗ്യലക്ഷ്മിയെ വ്യക്തിപരമായി അപമാനിക്കുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതിന് സംവിധായകന്‍ ശാന്തിവിള ദിനേശിന് എതിരെയും കേസെടുത്തിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വണ്‍ ഇന്ത്യയോട് പ്രതികരിച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി. വിജയ് പി നായരും ശാന്തിവിള ദിനേശും ഒത്തുചേര്‍ന്നുളള കളിയാണ് ഇതെന്ന് ഭാഗ്യലക്ഷ്മി വണ്‍ ഇന്ത്യയോട് പറഞ്ഞു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ: ” നിയമം കയ്യിലെടുക്കുന്നത് തെറ്റാണ്. എന്തിന് കയ്യിലെടുത്തു എന്ന് ചോദിച്ചാല്‍ തനിക്ക് വ്യക്തമായ കാരണങ്ങളുണ്ട്. അതിലുറച്ച് നില്‍ക്കുന്നു. അതില്‍ അഭിമാനം മാത്രമേ ഉളളൂ. തങ്ങളുടെ പേരിലിപ്പോള്‍ വധശ്രമത്തിന് കേസുണ്ട്. നമുക്ക് വീടും മക്കളുമുണ്ട്. വീട്ടില്‍ സുഖമായിരിക്കാമായിരുന്നു.
തന്നെ ചീത്ത വിളിക്കുന്ന സ്ത്രീകള്‍ക്ക് പോലും അത് മനസ്സിലാകുന്നില്ല. അഭിമാനത്തേക്കാള്‍ വലുതല്ല തനിക്ക് രാഷ്ട്രീയമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പാര്‍വ്വതിയും റിമയും അടക്കമുളളവരാണ് മലയാള സിനിമയില്‍ ഏറ്റവും ആക്രമിക്കപ്പെട്ടിട്ടുളളവര്‍. താനും പല വിഷയത്തിലും പ്രതികരിക്കാറുണ്ട്. തന്നെ തെറി വിളിക്കുന്നവരാണ് ശാന്തിവിള ദിനേശിന്റെ ഓഡിയന്‍സ്. ശാന്തിവിള ദിനേശ് എന്നയാള്‍ പണമുണ്ടാക്കാനായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയ ശേഷം മലയാള സിനിമയിലെ പ്രഗത്ഭരായ ആളുകളെ കുറിച്ച്, അവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് മോശമായി പറയുന്നു. ഓരോ വ്യൂവും അയാള്‍ക്ക് പണമുണ്ടാക്കി കൊടുക്കുന്നു. പലരും കഴിഞ്ഞ് തന്നിലേക്ക് എത്തി. സിനിമയില്‍ ആരും ഇതുവരെ അയാള്‍ക്കെതിരെ പ്രതികരിച്ചില്ല.
അയാള്‍ക്ക് ഈ കൊട്ടേഷന്‍ കൊടുത്തത് ആരെന്ന് വ്യക്തമായി അറിയാമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. തെളിവില്ലാതെ പുറത്ത് പറയാനാകില്ല. ബാക്കി ആരും നടപടി എടുക്കാത്തത് കൊണ്ടും താനും ചെയ്യില്ലെന്നാണ് കരുതിയത്. പക്ഷേ താന്‍ കേസ് കൊടുത്തു. വിജയ് പി നായരും ശാന്തിവിള ദിനേശും ഒത്തുചേര്‍ന്നുളള കളിയാണ് ഇതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഒരാള്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മോശമായി പ്രചരിപ്പിക്കുമ്പോള്‍ മറ്റേ ആള്‍ തന്നേക്കുറിച്ച് സിനിമയില്‍ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുന്നു. ആ വീഡിയോ നീക്കം ചെയ്യാന്‍ യൂട്യൂബിന് അപേക്ഷ കൊടുക്കാഞ്ഞത് അതെല്ലാവരും കാണണം എന്ന് കരുതിയാണ്. അത് കാണുമ്പോള്‍ മനുഷ്യരായവര്‍ക്ക് രക്തം തിളയ്ക്കും എന്നും ഭാഗ്യലക്ഷ്മി പറയുന്നു.
താന്‍ മറ്റുളളവരെ കുറിച്ച് പറഞ്ഞിട്ട് അവരൊന്നും മിണ്ടിയില്ലല്ലോ ഇവര്‍ക്ക് മാത്രമെന്താണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അവര്‍ മിണ്ടിയില്ലെന്ന് കരുതി താന്‍ മിണ്ടരുത് എന്നാണോ. നിങ്ങള്‍ക്ക് പ്രതികരിക്കാനില്ലെന്ന് കരുതി താന്‍ പ്രതികരിക്കരുത് എന്ന് പറയാനാവില്ല. മറ്റൊരു വിഷയത്തില്‍ പ്രതികരിച്ചില്ലല്ലോ അതുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിക്കരുത് എന്നും പറയാനാവില്ല. തന്റെ സമയവും സൗകര്യവും നോക്കിയേ ഓരോ വിഷയത്തിലും പ്രതികരിക്കാനാവൂ. താനീ രാജ്യത്തെ ഭരണകര്‍ത്താവൊന്നും അല്ല. തനിക്കൊരു സംഘടനയും ഇല്ല. തനിക്ക് പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയത്തില്‍ പ്രതികരിക്കും. തന്റെ മൂക്കിന്‍ തുമ്പില്‍ തൊടാനുളള സ്വാതന്ത്ര്യം ആര്‍ക്കുമില്ല. താന്‍ ആരെ വിവാഹം കഴിക്കണം പ്രണയിക്കണം ഉപേക്ഷിക്കണം എന്നൊക്കെ താനാണ് തീരുമാനിക്കേണ്ടത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.