THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News ശോഭ സിറ്റി പ്രമുഖന് അനിഷ്ടം; ശോഭ ഗ്രൂപ്പിനെതിരെയടക്കം നിരവധി ജനകീയ വിഷയങ്ങളില്‍ ഇടപ്പെട്ട് വിജയം കൈവരിച്ച...

ശോഭ സിറ്റി പ്രമുഖന് അനിഷ്ടം; ശോഭ ഗ്രൂപ്പിനെതിരെയടക്കം നിരവധി ജനകീയ വിഷയങ്ങളില്‍ ഇടപ്പെട്ട് വിജയം കൈവരിച്ച അഡ്വ. വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കി

തൃശൂര്‍: ശോഭ ഗ്രൂപ്പിനെതിരെയടക്കം നിരവധി ജനകീയ വിഷയങ്ങളില്‍ ഇടപ്പെട്ട് വിജയം കൈവരിച്ച അഡ്വ. വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കി. സിപിഎം ബ്രാഞ്ച് കമ്മറ്റി മെമ്പറും സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മറ്റി അംഗവുമായിരുന്നു വിദ്യാ സംഗീത്. പാര്‍ട്ടിയറിയാതെ വ്യവസായ പ്രമുഖനെതിരെ പരാതി നല്‍കിയതാണ് പാര്‍ട്ടി നടപടിക്ക് കാരണം. ഇതോടെ ഏതു നിമിഷവും താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന ഭയത്തിലാണ് വിദ്യ. കാരണം സിപിഎമ്മില്‍ നിന്നും പുറത്തായവരെല്ലാം തന്നെ കൊല്ലപ്പെട്ട ചരിചത്രമാണുള്ളതെന്ന് വിദ്യ ഭയപ്പെടുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ശോഭാ സിറ്റി ഉടമയ്ക്കും സിപിഎമ്മിനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വിദ്യ അംഗമായ പുതൂര്‍ക്കര ബ്രാഞ്ച് കമ്മറ്റി രഹസ്യ യോഗം കൂടിയാണ് വിദ്യയെ പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറി ഫോണ്‍ മുഖേന വിദ്യയെ വിവരം അറിയിച്ചു. ഇതോടെയാണ് വിദ്യ ഡി.ജി.പിക്ക് പരാതി നല്‍കിയത്.

സിപിഎം ബ്രാഞ്ച് തലത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മുന്‍പും പലവട്ടം ജീവന് ഭീഷണി ഉയര്‍ന്നിരുന്നു എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.അതിനാല്‍ ശോഭാ സിറ്റി ഉടമയുടെ ഭാഗത്ത് നിന്നും സിപിഎമ്മിന്റെ ഭാഗത്ത് നിന്നും എന്ത് തരത്തിലുള്ള ആക്രമണവും ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നു വിദ്യ പരാതിയില്‍ പറയുന്നു.

പറയൂ നിങ്ങള്‍ അന്നം നല്‍കുന്ന കര്ഷകര്‍ക്കൊപ്പമാണോ അതോ പണം എണ്ണി തരുന്ന മുതലാളിമാര്‍ക്കൊപ്പമാണോ ? എന്നായിരുന്നു ഇതേക്കുറിച്ച് അഡ്വ. വിദ്യാ സംഗീത് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. 
കോടീശ്വരനായ ശോഭ മേനോന്‍ വ്യാജരേഖ ചമച്ചാണ് ഈ കാണാവുന്ന പുഴക്കല്‍ പാടം നികത്തിയതെന്ന് രേഖകള്‍ സഹിതം പുറത്തുവിട്ടപ്പോള്‍, സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അന്തിമ ഡാറ്റ ബാങ്കില്‍ ഈ സ്ഥലങ്ങള്‍ ഉള്‍പ്പെട്ടത് കൊണ്ട് ശോഭ സിറ്റി പൊളിച്ചു കളയാന്‍ ഉത്തരവ് നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് പരാതി കൊടുത്തപ്പോള്‍ നല്ലപോലെ വേദനിച്ചു അല്ലേ ? എന്നും വിദ്യാ സിപിഎമ്മിനോട് ചോദിക്കുന്നു. 

ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പുഴയ്ക്കല്‍ പാടത്തിലെ 19 ഏക്കര്‍ സ്ഥലമാണ് ശോഭാ സിറ്റി 2014ല്‍ മണ്ണിട്ട് നികത്തിയത്. പരാതിയിന്മേല്‍ അന്വേഷണം നടക്കുകയും നികത്തല്‍ നടന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മണ്ണിട്ട് മൂടിയ പാടം പഴയപടിയാക്കാന്‍ നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഉത്തരവുണ്ടായിട്ട് കൊല്ലങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും സ്ഥലത്തെ മണ്ണ് മാറ്റുകയോ കമ്പനിക്കെതിരെ നടപടിയുണ്ടാവുകയോ ചെയ്തിട്ടില്ല.

ശോഭാ സിറ്റി പാടംനിരത്തുന്നതായി ആദ്യം പരാതിപ്പെടുന്നത് കുറ്റൂര്‍ ഗ്രാമത്തിലെ കര്‍ഷകരാണ്. ജില്ലാ പഞ്ചായത്തംഗമായ വിദ്യാസംഗീതിനോടായിരുന്നു അവരത് പരാതിപ്പെട്ടത്. ശോഭാ ബില്‍ഡേഴ്സ് തങ്ങളുടെ 19 ഏക്കറോളം വരുന്ന പാടശേഖരം മണ്ണിട്ട്മൂടുന്നു എന്നായിരുന്നു പരാതി. കനത്ത വരള്‍ച്ചയും കുടിവെള്ളപ്രശ്‌നവും അനുഭവിക്കുന്ന പ്രദേശത്തെ നെല്‍പ്പാടം നികത്താനുപയോഗിച്ച മണ്ണ് പൂര്‍ണമായും നീക്കണം എന്നാവശ്യപ്പെട്ട് വിദ്യാ സംഗീത് കളക്ടര്‍ക്ക് കത്തെഴുതുന്നത്. എന്നാല്‍ സംഭവത്തില്‍ യാതൊരു നടപടിയുമുണ്ടായില്ല.

ഇതിനെത്തുടര്‍ന്ന് അഭിഭാഷകകൂടിയായ വിദ്യാസംഗീത് കേരള ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കുന്നു. അതിന്മേലാണ് ഈ പത്തൊമ്പത് ഏക്കറിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് അശോകഭൂഷന്റെ ബഞ്ച് വിധിപുറപ്പെടുവിക്കുന്നത്. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് 2014 ഓഗസ്റ്റ് എട്ടിന് ജില്ലാകളക്ടര്‍ ഹിയറിങ് നടത്തുകയും 18ന് ശോഭയ്ക്ക് സ്റ്റോപ് മെമോയും നല്‍കി. തൃശൂര്‍ സബ് കളക്ടറായിരുന്ന മിര്‍ മുഹമ്മദിന്റെ അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു കലക്ടറിന്റെ ഈ നടപടി. നാഷണല്‍ റിമോര്‍ട്ട് സെന്‍സിങ് അഥോറിറ്റിയുടെയും ഗൂഗിള്‍ ഏര്‍ത്തിന്റെയും സഹായത്തോടെ സ്ഥലത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളുപയോഗിച്ചാണ് പാടംനികത്തല്‍ സ്ഥിരീകരിക്കുന്നത്. 2008ല്‍ കേരള നിയമസഭ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം പാസാക്കിയതിന് ശേഷമാണ് ഇവിടം മണ്ണിട്ട് മൂടിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

കളക്ടറുടെ ഉത്തരവിനെതിരെ 2014 സെപ്റ്റംബര്‍ 1ന് ശോഭ സിറ്റി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കി. അപ്പീല്‍ തള്ളിയ കമ്മീഷണര്‍ കളക്ടറുടെ ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ശോഭാ സിറ്റി ഹൈക്കോടതി വിധിക്കെതിരെ ഒരു റിവിഷന്‍ കൊടുത്തു. അത് ഹൈക്കോടതിയും തള്ളിയപ്പോഴാണ് കേരളം ഹൈക്കോടതിയില്‍ ശോഭ ഒരു ഹര്‍ജി നല്‍കുന്നത്. പത്തൊമ്പത് ഏക്കര്‍ ഭൂമി ഡാറ്റ ബാങ്കില്‍ നിന്നും നിലം എന്ന വിഭാഗത്തില്‍ നിന്നും മാറ്റി കരഭൂമി ആക്കണം എന്നായിരുന്നു ശോഭയുടെ ആവശ്യം.

എന്നാല്‍ 2018 ഏപ്രില്‍ 12ന് കേരള ഹൈക്കോടതി ശോഭയുടെ ഹര്‍ജി തള്ളുന്നു. മൂന്ന് മാസത്തിനുള്ളില്‍ കോലഴി കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രാദേശികതല നിരീക്ഷണ സമിതി സ്ഥലം സന്ദര്‍ശിച്ചു തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്ഥലം സന്ദര്‍ശിച്ച കൃഷി ഓഫീസര്‍ 2018 ഒക്ടോബര്‍ 3ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശോഭ സിറ്റി മൂന്നു കമ്പനികളുടെ പേരില്‍ നികത്തിയ 19 ഏക്കര്‍ സ്ഥലം നിലം ആണെന്ന് വീണ്ടും സ്ഥിരീകരിച്ചു. രണ്ടു വര്‍ഷത്തോളമായി ഈ റിപ്പോര്‍ട്ട് കളക്ടറുടെ കൈയിലുണ്ട്. അതില്‍ ഇതുവരെയും നടപടി എടുത്തിട്ടില്ല.

ഏറ്റവും ഒടുവില്‍ വ്യാജ ഉത്തരവുകള്‍ നിര്‍മ്മിച്ചാണ് ശോഭാ സിറ്റി ഉടമ പുഴക്കല്‍ പാടം നികത്തി കെട്ടിട സമുച്ചയം കെട്ടിപ്പൊക്കിയതെന്ന രേഖള്‍ വിദ്യ പുറത്തു വിട്ടു. മധ്യമേഖലാ റവന്യൂ വിജിലന്‍സ് ഡെപ്യൂട്ടി കളക്ടര്‍ അന്വേഷണം നടത്തി രേഖകള്‍ വ്യാജമാണെന്ന് ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും പ്രഥമ ദൃഷ്ട്യാ നിലം നികത്തുന്നതിന് വ്യാജ രേഖകള്‍ ചമച്ചുവെന്നുമുള്ള വിശദാംശങ്ങളാണ് പുറത്ത് വിട്ടത്. കുറ്റൂര്‍ വില്ലേജ് ഓഫീസില്‍ നല്‍കിയിരിക്കുന്ന രേഖകളെല്ലാം വ്യാജമാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളായിരുന്നു ഇതെല്ലാം.

പത്ര സമ്മേളനം നടത്തി ഇക്കാര്യം പുറത്ത് വിട്ടതിനാണ് സിപിഎം ഇപ്പോള്‍ പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്. മുന്‍പ് ശോഭാ സിറ്റ് ഉടമ പി.എന്‍.സി മേനോന്‍ മാത്രമായിരുന്നു ശത്രു. ഇപ്പോള്‍ സിപിഎമ്മും ശത്രുവായിരിക്കുകയാണ് എന്നും വിദ്യ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments