കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മക്കള്‍ രാഷ്ട്രീയം കൂടി ചൂടുപിടിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പി.സി ജോര്‍ജ്ജിന്റെ മകന്‍ അഡ്വ ഷോണ്‍ ജോര്‍ജ്ജിന് പിറകെ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും മത്സരിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. പ്രവര്‍ത്തകര്‍ക്ക് അങ്ങനെയൊരു സര്‍െ്രെപസ് കൊടുക്കാന്‍ കൊതിച്ച കോണ്‍ഗ്രസിന് പക്ഷേ, അത് സാധ്യമാവില്ല. മത്സരിക്കാന്‍ ഇല്ലെന്ന് ചാണ്ടി ഉമ്മന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കാരണവും കോണ്‍ഗ്രസ് തന്നെയാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. ഒരു തരത്തില്‍ കോണ്‍ഗ്രസിന് ഇത് തിരിച്ചടിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് ഇനിയും വേണ്ടത്ര പ്രാതിനിധ്യം കോണ്‍ഗ്രസ് നല്‍കിയിട്ടില്ല എന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. അതുകൊണ്ട് താന്‍ മത്സരിക്കുന്നത് ശരിയല്ല. ഇക്കാരണം കൊണ്ടാണ് സ്ഥാനാര്‍ത്ഥിയാകേണ്ടതില്ലെന്ന് തീരുമാനിച്ചത് എന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

ഈ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം എന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസിന് മുന്നില്‍ വച്ചിരുന്നു. പക്ഷേ, കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അനുകൂല തീരുമനമൊന്നും സ്വീകരിച്ചിട്ടില്ല എന്നതാണ് പ്രശ്‌നം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ മത്സരിക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത് യൂത്ത് കോണ്‍ഗ്രസ് തന്നെ ആയിരുന്നു. ഇക്കാര്യം ചാണ്ടി ഉമ്മനും സമ്മതിക്കുന്നുണ്ട്. എന്നാല്‍, മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പോയി യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കണം എന്നാവശ്യപ്പട്ടിരുന്നു. എന്നാല്‍ മിക്കയിടത്തും അത് കാണുന്നില്ല. ഇക്കാര്യത്തില്‍ തനിക്ക് കഴിഞ്ഞ ദിവസം വ്യക്തിപരമായ അനുഭവവും ഉണ്ടായതായി പിന്നീട് ഫേസ്ബുക്ക് ലൈവില്‍ എത്തി ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ഇതൊരു പരാതിയോ പരിഭവമോ അല്ലെന്നും ആരോടും എതിര്‍പ്പില്ലെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. ഇപ്പോള്‍ താന്‍ മത്സരിക്കുന്നത് ഔചിത്യപരമല്ലെന്ന ഒരു ചിന്തയുണ്ട്. അതുകൊണ്ട് മാത്രമാണ് പിന്‍മാറുന്നത്. ഇതിന് ശേഷം വരുന്ന തിരഞ്ഞെടുപ്പുമായി ഇതിന് ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.