കാസര്‍കോട്: കൊച്ചിയില്‍ നടി പീഡിപ്പിക്കപ്പെട്ട കേസിലെ വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ സാക്ഷികളില്‍ പലരും കൂറുമാറിയത് നേരത്ത വലിയ വിവാദങ്ങള്‍ക്ക് ഇടം നല്‍കിയിരുന്നു. സാക്ഷികളില്‍ പലരേയും ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും മൊഴി മാറ്റാനുള്ള ശ്രമം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായി. കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് ഉള്‍പ്പടേയുള്ളവര്‍ ഇത്തരമൊരു ആരോപണം ഉയര്‍ത്തിയിരുന്നു. കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ് ഒരു എംഎല്‍എയുടെ പി എ ആണെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഈ സംഭവത്തിന് പിന്നിലെ വ്യക്തിക്കെതിരെ പൊലീസ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുകയാണ്.

പത്തനാപുരം എംഎല്‍എയും നടനുമായ കെ.ബി ?ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറിയായ കൊല്ലം സ്വദേശി എം പ്രദീപ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. കേസിലെ മാപ്പ് സാക്ഷിയെ വിചാരണ വേളയില്‍ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദീപ് കുമാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. 2020 ജനുവരി 24, 28 എന്നി തിയതികളില്‍ ഫോണിലൂടെ ആദ്യം സാക്ഷിയെ വിളിച്ച് സംസാരിച്ചു. പിന്നീട് 24,25 തീയതികളില്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു.

എന്നിട്ടും വഴങ്ങാതിരുന്നതോടെ പ്രദീപ് കുമാര്‍ കാസര്‍കോട്ട് നേരിട്ടെത്തി സാക്ഷിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രദീപ് കാസര്‍കോട് എത്തിയതിന്റെ സിസിസിടി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത് പ്രതിക്കെതിരായുള്ള പ്രധാന തെളിവായി മാറി. പ്രദീപ് കുമാറിനെതിരായ കേസിന്റെ വിശദ വിവരങ്ങളും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
പ്രതിക്കായി തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, എറണാകുളം, പത്തനംതിട്ട, കൊട്ടാരക്കര എന്നിവിടങ്ങളില്‍ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സാക്ഷിയെ ഭീഷണിപ്പെടുത്താന്‍ വിളിച്ച മൊബൈല്‍ ഫോണിന്റെ സിം എടുത്തത് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ ദിലീപിന് അനുകൂലമായ സമീപനമായിരുന്നു ഗണേഷ് കുമാര്‍ സ്വീകരിച്ചത്. ദിലീപ് ജയിലില്‍ കഴിയുമ്പോള്‍ ഗണേഷ് കുമാര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ക്കെതിരായി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങളും നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.