ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയിലാണ് വന്ന് ചേര്‍ന്നത്. മഹാസഖ്യത്തിലെ പ്രധാന കക്ഷികളായ ആര്‍ജെഡിയും ഇടത് പാര്‍ട്ടികളും മികച്ച പ്രകടനം കാഴ്ച വെച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം മഹാസഖ്യത്തിന്റെ വിജയ സാധ്യതകള്‍ക്ക് തിരിച്ചടിയായി.

ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തിന് പിറകേ കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു. കപില്‍ സിബല്‍ ആണ് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് ആദ്യം രംഗത്ത് വന്നത്. സിബലിനെ തളളി അശോക് ഗെഹ്ലോട്ട് കൂടി എത്തിയതോടെ പാര്‍ട്ടിക്കുളളില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും അസ്വാരസ്യങ്ങള്‍ കനക്കുകയാണ്.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെട്ട് കപില്‍ സിബല്‍ അടക്കമുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ സോണിയാ ഗാന്ധിക്ക് കത്തയച്ചത് പാര്‍ട്ടിക്കുളളില്‍ വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. പിന്നീട് കെട്ടടങ്ങിയ വിമത ശബ്ദങ്ങളാണ് ബീഹാര്‍ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിക്ക് പിറകെ വീണ്ടും ഉയരുന്നത്. കോണ്‍ഗ്രസിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തത് കാരണം വീണ്ടും ഭരണം എന്‍ഡിഎ പിടിച്ചെടുത്തു.
രാജ്യത്ത് ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം കപില്‍ സിബല്‍ ആരോപിച്ചത്. ബീഹാറില്‍ എന്നല്ല രാജ്യത്ത് ഒരിടത്തും കോണ്‍ഗ്രസിന് ബിജെപിക്ക് ബദല്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി. സംഘടനാപരമായുളള തെറ്റുകള്‍ എന്താണെന്ന് കോണ്‍ഗ്രസിന് തന്നെ അറിയാമെന്നും എന്നാലത് തിരുത്താന്‍ തയ്യാറാകുന്നില്ലെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കപില്‍ സിബല്‍ ഉന്നയിച്ച വിമര്‍ശനം തളളി മറ്റൊരു മുതിര്‍ന്ന നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട് രംഗത്ത് വന്നിരിക്കുകയാണ്. പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങള്‍ കപില്‍ സിബല്‍ മാധ്യമങ്ങളോട് പറയേണ്ട ഒരാവശ്യവും ഇല്ലായിരുന്നുവെന്ന് ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. നിരവധി ട്വീറ്റുകളാണ് ഈ വിഷയത്തില്‍ ഗെഹ്ലോട്ട് ചെയ്തിരിക്കുന്നത്.
ഓരോ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷവും കോണ്‍ഗ്രസ് നേതൃത്വത്തില്‍ പാര്‍ട്ടി ശക്തമായ വിശ്വാസം അര്‍പ്പിച്ചിരുന്നുവെന്നും അങ്ങനെ ഓരോ തവണയും പാര്‍ട്ടി പ്രതിസന്ധികളില്‍ നിന്നും കൂടുതല്‍ കരുത്തോടെ തിരിച്ച് കയറിയെന്നും ഗെഹ്ലോട്ട് കുറിച്ചു. പരസ്യമായി കപില്‍ സിബല്‍ പറഞ്ഞത് രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കുന്നതാണ് എന്നും ഗെഹ്ലോട്ട് പറഞ്ഞു.
ഓരൊ പ്രതിസന്ധിയില്‍ നിന്നും സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി കരകയറിയിട്ടുണ്ടെന്നും ഇത്തവണയും അതുണ്ടാകുമെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി. പ്രത്യയശാസ്ത്രത്തിന്റെയും നയങ്ങളുടേയും പദ്ധതികളുടേയും ബലത്തില്‍ ഓരോ തവണയും കോണ്‍ഗ്രസ് കരുത്താര്‍ജ്ജിച്ചു. 2004ല്‍ സോണിയാ ഗാന്ധിയുടേ നേതൃത്വത്തിന് കീഴില്‍ യുപിഎ സര്‍ക്കാരുണ്ടാക്കി. ഇത്തവണയും പ്രതിസന്ധികള്‍ മറികടക്കുമെന്നും ഗെഹ്ലോട്ട് കുറിച്ചു.