തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരന്‍ ആരേയും ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. സുധാകന്റെ പരാമര്‍ശത്തിനെതിരെ ആദ്യം ചെന്നിത്തല രംഗത്തെത്തിയിരുന്നു.

സുധാകരന്‍ വര്‍ഷങ്ങളായി രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. വിഷയത്തില്‍ സുധാകരന്‍ നല്‍കിയ വിശദീകരണത്തില്‍ താന്‍ തൃപ്തനാണ്.സുധാകരന്‍ സംസാരിച്ചത് മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെ കുറിച്ചാണ്. താന്‍ അദ്ദേഹത്തെ തള്ളി പറഞ്ഞിട്ടില്ല. തെറ്റിധാരണ പരത്തുന്ന വാര്‍ത്തകള്‍ നല്‍കരുത്. കഴിഞ്ഞ ദിവസം താന്‍ നടത്തിയത് ഒരു പൊതുവായ പ്രതികരണമായിരുന്നു. ഇപ്പോഴത്തെ വിവാദങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞു.

പിണറായി വിജയനെതിരെ കെ സുധാകരന്‍ നടത്തിയ പരാമാര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നായിരുന്നു കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ആദ്യം ചെന്നിത്തല പറഞ്ഞത്. അരൂര്‍ എംഎല്‍എയായ ഷാനിമോള്‍ ഉസ്മാനും കെ സുധാകരനെതിരെ രംഗത്തെത്തിയിരുന്നു. ഇതോടെ ഇരുവര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനമായിരുന്നു സുധകാരന്‍ ഉയര്‍ത്തിയത്. തന്റെ പരാമര്‍ശത്തില്‍ യാതൊരു തെറ്റുമില്ലെന്നും താന്‍ കെപിസിസി അധ്യക്ഷനാകുന്നത് തടയാന്‍ ഗൂഡസംഘം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു സുധാകരന്‍ കുറ്റപ്പെടുത്തിയത്.
തൊഴിലിനെ കുറിച്ച് പറയുന്നത് എങ്ങനെയാണ് അപമാനകരമാകുന്നത്? തന്നെ വിമര്‍ശിക്കാന്‍ ഷാനി മോള്‍ ഉസ്മാന്‍ കെപിസിസി അധ്യക്ഷയാണോ? പറഞ്ഞ നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണ്. വിമര്‍ശകരെ തൃപ്തിപ്പെടുത്താന്‍ തന്റെ ശൈലി മാറ്റാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ സുധാകരന്‍ തുറന്നടിച്ചിരുന്നു. അതേസമയം വിവാദത്തില്‍ സുധാകരനെതിരെ നടപടി വേണമെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്. സുധാകരനെ തള്ളി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു.
സുധാകരന്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുവേ സംസ്ഥാന കോണഅ!ഗ്രസില്‍ ഉയര്‍ന്ന പുതിയ ഗ്രൂപ്പ് പോര് കേന്ദ്ര നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. സുധാകരന്റെ പരാമര്‍ശം പരിശോധിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അച്ചടക്കത്തിന്റെ പരിധി ലംഘിക്കരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രതികരിച്ചിരുന്നു.