മുംബൈ: ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി മുംബൈ പോലീസ് അറസ്റ്റ് ചെയ്ത അർണബിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തലോജി ജയിലിൽ കഴിയുകയായിരുന്ന അർണബിന് 50,000 രൂപയുടെ ആൾ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. അർണബിന് പുറമേ രണ്ട് പേർക്ക് കൂടി ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും ജയിൽ മോചിതരാക്കിയിട്ടുണ്ട്. ജാമ്യം അനുവദിച്ച സാഹചര്യത്തിൽ അർണബിനെ ഉടൻ ജയിൽ മോചിതനാക്കണമെന്നും മുംബൈ പോലീസിന് ജസ്റ്റിസ് ചന്ദ്രചൂഢ് നിർദ്ദേശം നൽകിയിരുന്നു. മുംബൈ പോലീസ് കമ്മീഷണറോടും കോടതി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ രാത്രി തന്നെ ജയിൽ മോചിതനാക്കിയത്.
