തിരുവനന്തപുരം: ബിജെപിയിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ അതിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുകയാണ്. ശോഭസുരേന്ദ്രനും പിഎം വേലായുധനും പരസ്യ പിന്തുണ നല്‍കി മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെപി ശ്രീശനും രംഗത്തെത്തിക്കഴിഞ്ഞു. മറ്റൊരു വഴിയും ഇല്ലാത്തതിനാല്‍ ആണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം ഉണ്ടായത് എന്നാണ് ശ്രീശന്‍ വ്യക്തമാക്കുന്നത്. നേതൃത്വമായിരുന്നു ശ്രദ്ധിക്കേണ്ടത് എന്നും ശ്രീശന്‍ കുറ്റപ്പെടുത്തുന്നുണ്ട്. ശോഭ സുരേന്ദ്രനും പിഎം വേലായുധനം അടക്കം 24 പേര്‍ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തുമ്പോള്‍ വി മുരളീധരന്റേയും കെ സുരേന്ദ്രന്റേയും മുട്ടുവിറക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

അവഗണിക്കപ്പെട്ടു എന്ന തോന്നല്‍ മറ്റ് നേതാക്കള്‍ക്ക് ഉണ്ടാക്കാതിരിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രദ്ധിക്കേണ്ടതായിരുന്നു എന്നാണ് ശ്രീശന്‍ കുറ്റപ്പെടുത്തുന്നത്. മറ്റൊരു വഴിയും ഇല്ലാത്ത സാഹചര്യത്തിലാണ് ശോഭ സുരേന്ദ്രനും പിഎം വേലായുധനും എല്ലാം പരസ്യ പ്രതികരണം നടത്തിയത് എന്നും ശ്രീശന്‍ വ്യക്തമാക്കി. ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപിയില്‍ പുതിയ ഗ്രൂപ്പ് ഉദയം ചെയ്യപ്പെട്ടു എന്ന് വ്യക്തമാക്കുന്നതാണ് കെപി ശ്രീശന്റെ പ്രതികരണം. നേരത്തെ തൃശൂരില്‍ ശോഭയുടെ നേതൃത്വത്തില്‍ രഹസ്യ യോഗം ചേര്‍ന്നപ്പോള്‍ ശ്രീശനും അതില്‍ പങ്കെടുത്തിരുന്നു.

കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനമല്ല, ഗ്രൂപ്പ് പ്രവര്‍ത്തനം മാത്രമാണ് നടക്കുന്നത് എന്ന ആക്ഷേപം ഉന്നയിച്ച് ശോഭ സുരേന്ദ്രനും പിഎം വേലായുധനും ഉള്‍പ്പെടെ 24 പേര്‍ ഒപ്പിട്ട പരാതി ദേശീയ പ്രസിഡന്റ് ജെപി നദ്ദയ്ക്കും അമിത് ഷായ്ക്കും നല്‍കിയിട്ടുണ്ട്. ഇതോടെ ശോഭ പക്ഷത്തിന്റെ പടയൊരുക്കം പൂര്‍ണമായിക്കഴിഞ്ഞു. കേരളത്തിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ആര് എന്നതാണ് നിര്‍ണായകമായ കാര്യം. പരാതികള്‍ ഉയരുന്നത് മുഴുവന്‍ കെ സുരേന്ദ്രന് എതിരെ ആണെങ്കിലും അതെല്ലാം കൊള്ളുന്നത് കേന്ദ്ര മന്ത്രി വി മുരളീധരന്റെ മേലാണ്. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി അവരോധിച്ചതും വി മുരളീധരന്‍ തന്നെ ആയിരുന്നു.
ഇതുവരെ വിഭാഗീയതയുടെ അങ്കത്തട്ട് കേരളമായിരുന്നെങ്കില്‍, പുതിയ പരാതിയോടെ അത് കേന്ദ്രമായി മാറിക്കഴിഞ്ഞു. കേന്ദ്ര നേതൃത്വം എന്ത് തീരുമാനിക്കും എന്നതിന് അനുസരിച്ചിരിക്കും ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റേയും വി മുരളീധരന്‍ പക്ഷത്തിന്റേയും ഭാവി. കേന്ദ്ര നേതൃത്വം വീണ്ടും വി മുരളീധരന്‍ പക്ഷത്തിന് അനുകൂല നിലപാട് സ്വീകരിച്ചാല്‍ പിന്നെ ശോഭ സുരേന്ദ്രനും കൂട്ടര്‍ക്കും മറ്റ് വഴികള്‍ ഒന്നും ഉണ്ടാവില്ല. ഇപ്പോള്‍ അനുഭവിക്കുന്ന അവഗണനയേക്കാള്‍ രൂക്ഷമാകും പിന്നീടുള്ള സ്ഥിതി. പാര്‍ട്ടി വിട്ട് പുറത്ത് പോവുക എന്നത് മാത്രമായിരിക്കും പിന്നീടുള്ള വഴി.
കേരളത്തിലെ ബിജെപിയിലെ പരസ്യ പ്രതികരണങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുപക്ഷേ, പാര്‍ട്ടി നടപടിയും നേരിടേണ്ടി വന്നേക്കും. കിട്ടിയ സുവര്‍ണാവസരം കേരള കളഞ്ഞുകുളിക്കുകയാണ് എന്ന ആക്ഷേപം കേന്ദ്രത്തിനുണ്ട്. ശോഭ സുരേന്ദ്രനോട് കേന്ദ്ര നേതൃത്വത്തിനുള്ള താത്പര്യക്കുറവും വ്യക്തമാണ്. എഎന്‍ രാധാകൃഷ്ണനെ സംസ്ഥാന ഉപാധ്യക്ഷനാക്കിയെങ്കിലും കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ശോഭ സുരേന്ദ്രന്റെ പരാതികള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചിട്ടില്ല.
ഇപ്പോഴത്തെ വിവാദത്തില്‍ നേരിട്ട് ഇടപെടാതെ നിശബ്ദത പാലിച്ചിരിക്കുകയാണ് പികെ കൃഷ്ണദാസ് പക്ഷം. നേതൃത്വത്തിന്റെ അവഗണനയില്‍ കടുത്ത അമര്‍ഷം കൃഷ്ണദാസ് പക്ഷത്തിനും ഉണ്ട്. എന്നാല്‍ ശോഭ സുരേന്ദ്രന്‍ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ ആരും തന്നെ മുന്നിട്ടിറങ്ങിയിട്ടില്ല. പാര്‍ട്ടിയ്ക്കുള്ളിലെ എതിര്‍പക്ഷങ്ങളുടെ നീക്കങ്ങളെ കരുതലോടെയാണ് വി മുരളീധരനും കെ സുരേന്ദ്രനും കാണുന്നത്. അതുകൊണ്ട് തന്നെ എതിര്‍പക്ഷം നടത്തിയ വിമര്‍ശനങ്ങളോട് പരസ്യ പ്രതികരണം ഒന്നും നടത്തിയിട്ടും ഇല്ല. കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഗുണം ചെയ്യുക ഇപ്പോഴത്തെ നിശബ്ദത തന്നെ ആയിരിക്കും എന്നാണ് മുരളീധരന്‍ പക്ഷം കരുതുന്നത്.