ജയ്പ്പൂര്‍: സെക്‌സ് ചാറ്റില്‍ കുരുക്കി സാമ്പത്തിക തട്ടിപ്പിനിരയാക്കുന്ന രാജസ്ഥാന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസ് ഹൈടെക് സെല്‍. തട്ടിപ്പിനിരയായവരാരും പരാതിപ്പെടാന്‍ തയ്യാറകാത്തതാണ് അന്വേഷണം മന്ദഗതിയിലാക്കുന്നത്. തട്ടിപ്പിനിരയായവരില്‍ ചിലര്‍ പരിചയക്കാരായ പൊലീസുകാരോട് വിവരങ്ങള്‍ കൈമാറിയതിന്‌റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 25 ലധികം പേരാണ് രണ്ടുമാസത്തിനിടെ തട്ടിപ്പിനിരയായത്.

സമൂഹമാധ്യമങ്ങളില്‍ സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പിന്‌റെ തുടക്കം. സൗഹൃദമായി കഴിഞ്ഞാല്‍ പേഴ്‌സണല്‍ വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കി വാട്‌സ്ആപ്പ് നമ്പര്‍ വഴി സെക്‌സ് ചാറ്റിലേക്ക് കടക്കും. പീന്നീടാണ് ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. നഗ്‌നവിഡിയോ കയ്യില്‍ ഉണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ വീട്ടുകാര്‍ക്കും സുഹൃത്തുകള്‍ക്കും അയയ്ക്കുമെന്നും, യുട്യൂബില്‍ അപ്ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തും.

ഭീഷണിക്കു വഴങ്ങാത്തവര്‍ക്കു യുട്യൂബില്‍ അപ്ലോഡ് ചെയ്ത് പിന്നീട് ഡിലീറ്റ് ചെയ്തതിന്റെ വ്യാജ സ്‌ക്രീന്‍ ഷോട്ട് അയയ്ക്കും. ഇതോടെ പേടിച്ച് മിക്കവരും പണം നല്‍കും. പണം നല്‍കിയാല്‍ വീണ്ടും പണം ആവശ്യപ്പെടും. പണം നല്‍കാത്തവരെ വാട്‌സാപ് കോളിലൂടെ ഭീഷണി തുടരും. ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണ് ചാറ്റിങ് നടത്തുക. തട്ടിപ്പു നടത്തുന്ന പ്രൊഫൈലുകള്‍ ഹിന്ദി പേരിലുള്ളതായിരിക്കുമെന്നും പൊലീസ് പറഞ്ഞു.
തട്ടിപ്പിനിരയായവരാരും നാണക്കേട് ഭയന്ന് പൊലീസില്‍ പരാതിപ്പെടാനും തയ്യാറാവില്ല. ഇങ്ങനെയാണ് തട്ടിപ്പുസംഘം കേരളത്തില്‍ വിലസുന്നത്. കേരള പൊലീസിനു ലഭിച്ച വിവരങ്ങള്‍ രാജസ്ഥാന്‍ പൊലീസിനു കൈമാറിയിട്ടുണ്ട്. ഫോണ്‍ നമ്പരുകളും അക്കൗണ്ടുകളുടെ വിവരങ്ങളുമാണ് കൈമാറിയത്. ഒഎല്‍എക്‌സ് പോലുള്ള സൈറ്റുകള്‍ വഴി തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ രാജസ്ഥാനില്‍ സജീവമാണെന്നാണ് അവിടുത്തെ പൊലീസ് അറിയിച്ചത്.