കണ്ണൂര്‍: തദ്ദേശ തെരെഞ്ഞെടുപ്പില്‍ എതിരില്ലാതെ വിജയം കൈവരിക്കാനൊരുങ്ങി കണ്ണൂര്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍. കണ്ണൂരിലെ ആന്തൂര്‍ നഗരസഭയിലെ ആറു വാര്‍ഡുകളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരാളികളില്ല. പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ തുടര്‍ന്ന് വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ആന്തൂര്‍ നഗരസഭയില്‍ പ്രതിപക്ഷം ഇല്ല എന്നത് കഴിഞ്ഞതവണ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍ ആന്തൂര്‍ നഗരസഭയിലെ 2, 3, 10 , 11 , 16 , 24 എന്നീ വാര്‍ഡുകളില്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മാത്രമേ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു ഉള്ളൂ. ആറിടത്ത് എതിരില്ല എന്നത് എല്‍ഡിഎഫിനുള്ള ജനപിന്തുണയുടെ തെളിവാണെന്ന് സ്ഥാനാര്‍ത്ഥികള്‍ പറയുന്നു. ആന്തൂര്‍ നഗരസഭയെ കുറിച്ച് യുഡിഎഫ് ഉന്നയിച്ച ആരോപണം ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന് ഇതോടെ വ്യക്തമായി എന്ന് സി പി മുഹാസ് പറഞ്ഞു. ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ തവണ പ്രതിപക്ഷമില്ലായിരുന്നു. 28 ല്‍ പതിനാലിടത്ത് എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

അതേസമയം, സിപിഎമ്മിന്റെ ഭീഷണിയെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥികള്‍ പിന്‍വലിഞ്ഞതെന്ന് യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ സമദ് കടമ്പേരി ആരോപിച്ചു. ആകെ 15 വാര്‍ഡുകളിലാണ് കണ്ണൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലാത്തത്. ഇതില്‍ 7 വാര്‍ഡുകള്‍ നഗരസഭയിലും 8 വാര്‍ഡുകള്‍ പഞ്ചായത്തിലാണ്.