പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു രേഷ്മ മറിയം റോയ് ഇനി പഞ്ചായത്ത് ഭരിക്കും. പത്തനംതിട്ട അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി രേഷ്മയെ സിപിഐഎം തീരുമാനിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന പേരും രേഷ്മയ്ക്ക് സ്വന്തം.

അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ഥിയായി മത്സരിച്ച രേഷ്മ വന്‍വിജയമാണ് നേടിയത്. കോണ്‍ഗ്രസില്‍ നിന്ന് വാര്‍ഡ് 70 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രേഷ്മ പിടിച്ചെടുക്കുകയായിരുന്നു. രേഷ്മ 450 വോട്ടുകള്‍ നേടിയപ്പോള്‍ മുന്‍ പഞ്ചായത്തംഗമായ യുഡിഎഫ് സ്ഥാനാര്‍ഥി സുജാത മോഹന് 380 വോട്ട് മാത്രമാണ് നേടാനായത്.

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനതിയതിയായ നവംമ്പര്‍ 19 ന്റെ തലേദിവസമായ 18നാണ് രേഷ്മക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായമായ 21 വയസ് തികഞ്ഞത്.
കോന്നി വിഎന്‍എസ് കോളേജില്‍ നിന്ന് ബിബിഎ പൂര്‍ത്തിയാക്കിയ രേഷ്മ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയാണ്. ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ് രേഷ്മ. പ്രളയ സമയത്തും കൊവിഡ് കാലത്തും പ്രദേശത്തെ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു രേഷ്മ.
ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും ഇളയമകളാണ് രേഷ്മ. റോബിന്‍ മാത്യു റോയി ഏക സഹോദരനാണ്.