കാബൂൾ: കാബൂൾ ആശുപത്രിയിലെ ഭീകരാക്രമണത്തിന് പിന്നാലെ അഫ്ഗാനിസ്താനിലെ കുണ്ഡൂസ് പ്രവിശ്യയിലും ബോംബാക്രമണം. സ്‌ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ടെന്നാണ് വിവരം. കുണ്ഡൂസ് പ്രവിശ്യയുടെ വടക്ക് ഭാഗത്താണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ചൊവ്വാഴ്ചയാണ് കാബൂളിലെ സൈനിക ആശുപത്രിയിലും പരിസര പ്രദേശത്തുമായി സ്‌ഫോടനമുണ്ടായത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് തവണയുണ്ടായ സ്‌ഫോടനത്തിൽ 25 പേർ കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ ഐഎസ് ഭീകര സംഘടന ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ താലിബാൻ സൈനിക കമാൻഡറും ഉണ്ടായിരുന്നു. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് മുതിർന്ന താലിബാൻ നേതാവ് ആക്രമണത്തിൽ വധിക്കപ്പെടുന്നത്.