തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സജിക്കെതിരെ ഇപ്പോൾ കേസ് നിലവിലില്ല. തിരിച്ചുവരവ് സംബന്ധിച്ച് പാർട്ടി ആവശ്യമായ പരിശോധന നടത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചുവരുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഹൈക്കോടതിയിലെ കേസ് തീർപ്പായതും തിരുവല്ല കോടതിയിൽ കേസ് അവസാനിപ്പിച്ച് പൊലീസ് റിപ്പോർട്ട് നൽകിയതുമാണ് തിരിച്ചുവരവിന് വഴിയൊരുക്കുന്നത്. ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടർന്ന് സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയെങ്കിലും പകരം മന്ത്രിയെ തീരുമാനിച്ചിരുന്നില്ല.

സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ അന്വേഷണം അവസാനിപ്പിച്ച് കഴിഞ്ഞദിവസമാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. സജി ചെറിയാനെ കുറ്റവിമുക്തനാക്കാനുള്ള പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ അഡ്വ. ബൈജു നോയൽ പറഞ്ഞിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ വിവാദ പ്രസംഗ കേസ് അഞ്ചാ മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് അവസാനിപ്പിക്കുന്നത്. അതീവ രഹസ്യമായി ഇത് സംബന്ധിച്ച റിപ്പോർട്ട് തിരുവല്ല ഡി.വൈ.എസ്.പി ആർ രാജപ്പന് ഇന്നലെയാണ് കോടതയിൽ സമർപ്പിച്ചത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ സജി ചെറിയാൻ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും പറയുന്ന റിപ്പോർട്ടിലൂടെ സജിയുടെ പരാമർശം യാദൃശ്ചികമായുണ്ടായതാണന്നും വ്യക്തമാക്കുന്നു.
ജൂലൈയ് 3 ന് മന്ത്രി നടത്തിയ പ്രസംഗം രണ്ട് ദിവസങ്ങൾക്കകം നവമാധ്യമങ്ങളിലൂടെയാണ് വിവാദമാകുന്നത്. ഇതിന് പിന്നാലെ വന്‍ പ്രതിഷേധമുയർന്നെങ്കിലും ദിവസങ്ങൾക്ക് ശേഷം സിപിഎം തീരുമാന പ്രകാരമാണ് മന്ത്രി സ്ഥാനത്ത് നിന്നും സജി ചെറിയാൻ രാജിവെച്ചത്. തൊട്ടുപിന്നാലെ കൊച്ചി സ്വദേശിയായ അഡ്വക്കേറ്റ് ബൈജു നോയൽ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതോടെയാണ് സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായത്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനിടയിൽ എം.എല്‍.എമാരടക്കം 30 ലേറെപ്പേരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് സംബന്ധിച്ച് ജില്ലാ പ്ലീഡറുടെ നിമോപദേശം തേടിയരുന്നു. ഏതൊരു പൗരനും ഭരണഘടനയെ വിമർശിക്കാൻ അവകാശമുണ്ടെന്ന ഇദ്ദേഹത്തിന്റെ നിമോപദേശം പരിഗണിച്ചാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്നും പൊലീസ് വ്യക്തമാക്കി.