കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും സമയമാകുമ്പോൾ പുറത്തുവിടുമെന്നും സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. എം.ശിവശങ്കറിനെതിരെയും തെളിവുകളുണ്ട്. ആത്മകഥയുടെ രണ്ടാം ഭാഗത്തിൽ ന്യൂക്ലിയർ ബോംബുണ്ടാകുമെന്നും അഭിമുഖത്തിൽ അവർ പറഞ്ഞു.

‘‘എം.ശിവശങ്കറിന്റെ പുസ്തകത്തിൽനിന്നാണ് ആത്മകഥയെഴുതാനുള്ള ആശയം ലഭിച്ചത്. വ്യാജമായ ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഉണ്ടായിരുന്നു. എന്നെയും പൊതുജനത്തെയും വഞ്ചിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹം എഴുതിയപോലെയല്ല ഞാൻ പുസ്തകം രചിച്ചത്. എന്റെ ആത്മാവിലും ജീവിതത്തിലും കുഞ്ഞിലേ മുതൽ നടന്ന കുറെ സംഭവങ്ങളാണ് എഴുതിയത്. ഞാൻ ജയിലിൽ കിടന്നപ്പോൾ എന്റെ കുടുംബാംഗങ്ങൾ കുറെ ചൂഷണം നേരിട്ടു.

കുടുംബം ഏറെ ചീത്തപ്പേര് കേൾക്കേണ്ടി വന്നു. സ്വപ്ന സുരേഷിനെ വൃത്തികെട്ട രീതികളിൽ ചിത്രീകരിക്കാൻ തുടങ്ങി. തിരഞ്ഞെടുപ്പ് സമയത്തു പ്രതിപക്ഷ പാർട്ടികൾ എന്നെക്കുറിച്ചു മോശമായി സംസാരിച്ചു. സ്ത്രീയെന്നോ അമ്മയെന്നോ മകളെന്നോ സഹോദരിയെന്നോ ഉള്ള പരിഗണനപോലും എവിടെനിന്നും ലഭിച്ചില്ല. സത്യം എന്താണെന്നു തുറന്നു പറയേണ്ടതു ധാർമിക ഉത്തരവാദിത്തമാണെന്നു കരുതി. അതിനാലാണു പുസത്കം എഴുതിയത്.
തീർച്ചയായും ഇതൊരു സമ്പൂർണ പുസ്തകമല്ല. ഇനിയും കൂടുതൽ വരാനുണ്ട്, പറയാനുണ്ട്. ഇതുവരെയുള്ള ധാരണകളോ തെറ്റിദ്ധാരണകളോ മാറ്റാൻ, യഥാർഥസത്യം ജനത്തെ അറിയിക്കാൻ പുസ്തകത്തെ മാധ്യമമാക്കി മാറ്റുകയായിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടി നിമിഷങ്ങൾകൊണ്ടു പദ്ധതികളുണ്ടാക്കുന്ന, എന്തും വളച്ചൊടിക്കുന്ന വ്യക്തിയായ ശിവശങ്കറിനു പുസ്തകത്തിലൂടെ കള്ളം പറയാനൊക്കെ എളുപ്പമാണ്’’– സ്വപ്ന പറഞ്ഞു.