തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ. കൊറോണാനന്തര പ്രശ്‌നങ്ങളെ തുടർന്നാണ് സ്വയം ആശുപത്രിയിൽ പ്രവേശിച്ചത്. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി പ്രവേശനം.

വെള്ളിയാഴ്ച എൻഫോഴ്‌സ്‌മെന്റ് മുൻപാകെ ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. ആശുപത്രിയിൽ പ്രവേശിച്ച സാഹചര്യത്തിൽ ചോദ്യം ചെയ്യൽ വീണ്ടും നീളും. കൊറോണ ബാധിച്ചതിന് ശേഷം ആരോഗ്യം നേരെയായില്ലെന്നാണ് രവീന്ദ്രന്റെ വിശദീകരണം.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് രണ്ടാമത്തെ തവണയാണ് രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകുന്നത്. ആദ്യം നോട്ടീസ് നൽകിയതിന് പിന്നാലെ രവീന്ദ്രന് കൊറോണ സ്ഥിരീകരിച്ചു. തുടർന്ന് ചോദ്യം ചെയ്യൽ മാറ്റിവെക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായും, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായും അടുത്ത ബന്ധമുള്ളയാളാണ് സിഎം രവീന്ദ്രൻ. സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, എം ശിവശങ്കറുമായി നടത്തിയ ഇടപാടുകൾ, കെ ഫോൺ ഉൾപ്പെടെയുള്ള വൻകിട പദ്ധതികളിൽ ചെലുത്തിയ സ്വാധീനം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് രവീന്ദ്രനിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ശേഖരിക്കാനൊരുങ്ങുന്നത്.