തിരുവനന്തപുരം: ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഒന്നാം സമ്മാനം നേടിയ കോടീശ്വരൻ ആരെന്ന ആകാംഷയിലായിരുന്നു ആളുകൾ. ആര്യങ്കാവിലെ ഭരണി ഏജന്‍സി വിറ്റ XG 358753 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 12 കോടി നേടിയത്. തിരുവനന്തപുരത്ത് മുഹമ്മദ് യാസിന് എന്നയാൾ നടത്തുന്ന ഹോള്‍സെയില്‍ ഏജന്‍സിയായ എന്‍.എം.കെയില്‍ നിന്നാണ് തെങ്കാശി സ്വദേശിയായ വെങ്കിടേശിന്റെ ഭരണി ഏജന്‍സിക്ക് സമ്മാനാര്‍ഹമായ ടിക്കറ്റ് കിട്ടിയത്.

ഫലം വന്ന് ഒരു ദിവസം പിന്നിട്ടിട്ടും വിജയിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ശബരിമല തീർഥാടകരോ, അന്യസംസ്ഥാന ലോറി ഡ്രൈവർമാരോ ആരെങ്കിലും എടുത്ത ലോട്ടറിക്കാകും സമ്മാനം ലഭിച്ചതെന്ന് ഏജൻസി ഉടമ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. കേരള ലോട്ടറിയുടെ പന്ത്രണ്ട് കോടി സമ്മാനം അതിർത്തി കടന്നോ എന്ന സംശയവും ഇതോടെ ബലപ്പെട്ടു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ആ ഭാഗ്യാവാൻ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. തെങ്കാശി സ്വദേശിയായ ഷറഫുദ്ദീൻ എന്നയാളാണ് പന്ത്രണ്ട് കോടി നേടി ബമ്പർ അടിച്ചത്.

തനിക്ക് സൗഭാഗ്യം കൊണ്ടു വന്ന ലോട്ടറിയും അതിന് വഴിത്തിരിവായ ഏജൻസി ഉടമയായ വെങ്കടേഷിനും ഒപ്പമാണ് ഷറഫുദ്ദീൻ ലോട്ടറി ഡയറക്ട്രേറ്റിലെത്തിയത്. ഏജന്റിന്റെ കമ്മിഷനും നികുതിയും കിഴിച്ച ശേഷം ഷറഫുദ്ദീന് 7.56 കോടി രൂപയാണു ലഭിക്കുക.. കുറച്ച് സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നും അത് തീർക്കണമെന്നും പറയുന്ന ഷറഫുദ്ദീൻ ഇത്രയും വലിയൊരു തുക കൊണ്ട് എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി.