സിഡ്നി: രണ്ടാഴ്ചയിലേറെ ഓസ്ട്രേലിയയുടെ മുഴുവൻ നൊമ്പരമായി മാറിയ നാലു വയസ്സുകാരിയെ കണ്ടെത്തിയ നിമിഷത്തിന്റെ ഓഡിയോയും വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ട് ഓസ്ട്രേലിയൻ പൊലീസ്. കഴിഞ്ഞ ദിവസം പുലർച്ചെ കർനാർവോണിലെ അടഞ്ഞുകിടന്ന വീടിന്റെ പൂട്ടു തകർത്ത് പൊലീസ് സംഘം അകത്തുകയറി നടത്തിയ പരിശോധനയിലാണ് ക്ലീയൊ സ്മിത്തിനെ കണ്ടെത്തിയത്.

‘നമ്മൾക്ക് അവളെ കിട്ടി’ എന്ന് പൊലീസ് ഓഫിസർ ആവർത്തിച്ചു പറയുന്നതും പേരു ചോദിച്ച പൊലീസുകാരനോട് – ‘എന്റെ പേര് ക്ലീയൊ’ എന്നു മറുപടി പറയുന്നതും ഓഡിയോയിൽ കേൾക്കാം. തുടർന്ന് വീടിനു പുറത്തെത്തിച്ച ക്ലീയൊയോട് പൊലീസ് ഉദ്യോഗസ്ഥൻ സംസാരിക്കുന്ന ദൃശ്യങ്ങളും ഓസ്ട്രേലിയൻ പൊലീസ് പുറത്തുവിട്ടു.

മുറിക്കുള്ളിൽ കയറി ലൈറ്റുകൾ തെളിച്ചപ്പോൾ കളിപ്പാട്ടങ്ങളുമായി ഇരിക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നും പ്രസന്നവദനയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കുട്ടിയുമായി കൗൺസിലർമാർ സംസാരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ക്ലീയൊയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 36 വയസ്സുകാരനായ ഒരാൾക്കെതിരെ കേസെടുത്തു. സ്വയം പരുക്കേൽപ്പിച്ച ഇയാളെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയ ശേഷമാണു ചോദ്യം ചെയ്യൽ ആരംഭിച്ചത്. കോടതിയിൽ ഹാജരായ ഇയാൾ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്ന് ഓസ്ട്രേലിയൻ ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
18 ദിവസം മുൻപ്, പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കർനാർവോണിൽ അച്ഛനമ്മമാർക്കൊപ്പം ക്യാംപിങ്ങിനിടെ രാത്രി ടെന്റിൽനിന്നാണ് ക്ലീയൊ സ്മിത്തിനെ കാണാതായത്. ഊണും ഉറക്കവുമില്ലാതെ 150 ലേറെപ്പേരടങ്ങിയ സംഘം നടത്തിയ തിരച്ചിലിനൊടുവിൽ 100 കിലോമീറ്റർ അകലെയുള്ള കർനാർവോണിലെ അടഞ്ഞുകിടന്ന വീട്ടിൽ നിന്നാണു കുട്ടിയെ കണ്ടെത്തിയത്. ക്ലീയൊയുടെ വീട്ടിൽ നിന്നു മൂന്നു കിലോമീറ്റർ അകലെയാണ് ഈ വീട്.