പാലക്കാട്: ഗവർണർ നിയമസഭയെ അവഹേളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓർഡിനൻസുകൾ തിരിച്ചയക്കുന്നു. 11 ഓർഡിനൻസുകൾ ലാപ്സായി. നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുന്നില്ല. ബില്ലുകൾ ഒപ്പിടാതെ ഇരിക്കുന്നത് സഭയോടുള്ള അവഹേളനമാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഗവർണറെ പരസ്യമായി പ്രതിഷേധം അറിയിക്കുകയാണ്. ഗവർണർ മന്ത്രിമാരെ കാബിനറ്റ് പദവിയോടെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ശുപാർശ പ്രകാരമാണ്. കേന്ദ്രതലത്തിൽ ഇത് പ്രധാനമന്ത്രി ചെയ്യുന്നു, നിയമസഭയിൽ ജനങ്ങൾ തെരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷമുള്ള കക്ഷിയാണ് അധികാരത്തിൽ വരിക. അതിലെ മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. നിയമിക്കുന്നതും രാജി വയ്ക്കാൻ ആവശ്യപ്പെടുന്നതും മുഖ്യമന്ത്രിയാണ്, ഗവർണറല്ല. ഗവർണർക്ക് സ്വന്തം നിലയിൽ മന്ത്രിമാരെ പുറത്താക്കാനോ നിയമിക്കാനോ വിവേചനാധികാരം ഇല്ല. ട്വീറ്റ് വിവാദമായപ്പോൾ പ്രീതി പിൻവലിച്ചാലും മന്ത്രിമാർക്ക് തത്സ്ഥാനത്ത് തുടരാം എന്ന് ഗവർണർ വ്യക്തമാക്കി. ‘പ്രീതി’ തത്വം എന്താണ് എന്നതിനെ കുറിച്ചുള്ള സാമാന്യ തത്വങ്ങൾക്ക് പോലും മറക്കുന്നു. സമൂഹത്തിന് മുന്നിൽ പരിഹാസ്യനാകരുത്. പലവഴിക്ക് കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ഗവർണർ അതിന് കൂട്ട് നിൽക്കുന്നു. അത് ഔചിത്യമല്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിമാരെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്നത് ഭരണ ഘടന മൂല്യങ്ങൾക്ക് ചേർന്നതാണോ. എത്ര വട്ടം ആരെയെല്ലാം അദ്ദേഹം അധിക്ഷേപിച്ചു. മന്ത്രിമാരുടെ പൊതുവിജ്ഞാനം അളക്കാൻ ഗവർണർക്ക് ആരാണ് അധികാരം നൽകിയത്. തനിക്കെല്ലാം ആകാം എന്നാണോ ഗവർണർ കരുതുന്നത്. ഗവർണറെ വിമർശിച്ചാൽ ഭരണഘടനാ വിരുദ്ധം എന്നാണ് പറയുന്നത്. തരം കിട്ടുമ്പോൾ എല്ലാം മന്ത്രിമാരെ അധിക്ഷേപിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് ചേർന്നത് ആണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
