തിരുവനന്തപുരം: കേരളത്തിലെ കോളേജുകൾ അടുത്ത മാസം ആദ്യം തുറക്കും. ജനുവരി നാലിനാണ് കോളേജുകൾ തുറക്കുക. പി ജി ക്ലാസുകൾ, അഞ്ച് ആറ് സെമസ്റ്റർ ക്ലാസുകളും തുടങ്ങും. ഒരു ക്ലാസിൽ 50 ശതമാനം വിദ്യാർത്ഥികൾ വീതമേ ഉണ്ടാകാൻ പാടുള്ളു. ശനിയാഴ്ചയും പ്രവർത്തി ദിനമായിരിക്കും. കോളേജ് തുറക്കലിന് മുന്നോടിയായി അധ്യാപകർ ഈ മാസം 28 മുതൽ കോളേജിലെത്തണമെന്നും നിർദേശമുണ്ട്.

ക്ലാസുകൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിൽ തീരുമാനമായിരുന്നു. കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളേജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.
