മംഗളൂരു: ദീപാവലിയുടെ ഭാഗമായി പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. മംഗളൂരുവിൽ ബുധനാഴ്ച രാത്രി വെങ്കടേശ്വ അപ്പാര്‍ട്‌മെന്റിലാണ് സംഭവം. വിനായക കാമത്ത് എന്നയാളാണു കൊല്ലപ്പെട്ടത്. കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

അപാർട്‌മെന്റിലെ കാർ പാർക്കിങ് സ്ഥലത്തു വച്ച് വിനായക കാമത്ത് പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങൾക്കു തുടക്കം. അയൽവാസിയായ കൃഷ്ണാനന്ദ കിനിയും മകൻ അവിനാശും ഇതു ചോദ്യം ചെയ്തു. സംഘർഷത്തിനൊടുവിൽ ഇരുവരും ചേർന്ന് വിനായക കാമത്തിനെ കൊലപ്പെടുത്തുകയായിരുവെന്നു മംഗളൂരു സിറ്റി പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ ഇയാളുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.

കുത്തേറ്റ ഉടനെ വിനായക കാമത്തിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെയും ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. നാല‌് ദിവസം മുമ്പും നിസ്സാര കാര്യങ്ങളുടെ പേരിൽ കൃഷ്ണാനന്ദ കിനി വിനായക കാമത്തുമായി തർക്കിച്ചിരുന്നുവെന്നാണ് വിവരം.
ബന്ദർ പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതികളായ കൃഷ്ണാനന്ദ കിനിയ്‌ക്കെതിരെയും മകന്‍ അവിനാശിനെതിരെയും പൊലീസ് കേസെടുത്തു.