സൂററ്റ്: ഗുജറാത്തിലെ സൂറത്തിൽ രണ്ടര വയസുള്ള കുട്ടി ജാഷ് ഓസ നൽകിയ അവയവ ദാനത്തിലൂടെ 7 പേർക്കാണ് പുതു ജീവൻ ലഭിച്ചത്. ജാഷ് ഓസ എന്ന കുട്ടി ഉയരത്തിൽ നിന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മസ്തിഷ്ക മരണം സംഭവിച്ചതായി പറഞ്ഞു.

സൂറത്തിലെ സാമൂഹിക പ്രവർത്തക സ്ഥാപനമായ ഡോണേറ്റ് ലൈഫിലെ നിലേഷ് മണ്ട്ലേവാല, ജാഷിന്റെ കുടുംബത്തെ സന്ദർശിച്ച് അവയവങ്ങൾ ദാനം ചെയ്യാൻ ആവശ്യപ്പെട്ടത് പ്രകാരം കുടുംബം അവയവ ദാനത്തിനു തയ്യാറാവുകയായിരുന്നു. ഹൃദയം, ശ്വാസകോശം, വൃക്ക, കരൾ, കണ്ണുകൾ എന്നിവ ദാനം ചെയ്തു. ജാഷ് സംഭാവന ചെയ്ത അവയവങ്ങൾ ഏഴ് പേർക്ക് പുതിയ ജീവിതം നൽകി. ജാഷിന്റെ ഹൃദയവും ശ്വാസകോശവും സൂറത്തിൽ നിന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചെന്നൈയ്ക്കും സൂററ്റിനുമിടയിൽ 1,615 കിലോമീറ്റർ ദൂരമാണുള്ളത്. വെറും 160 മിനിറ്റിനുള്ളിൽ അവയവും വഹിച്ചുകൊണ്ടുള്ള വാഹനമെത്തിയത്.

ജാഷ് ഓസയുടെ ഹൃദയം റഷ്യയിലെ 4 വയസ്സുള്ള ഒരു കുട്ടിക്കും ശ്വാസകോശം ഉക്രെയ്നിലെ 4 വയസ്സുള്ള കുട്ടിക്കുമാണ് നൽകിയത്. ജാഷ് ഇന്ന് ഈ ലോകത്തില്ലെങ്കിലും അവൻ നൽകിയ പുതു ജീവനുകളിലൂടെ ഇന്നും ജീവിക്കുന്നു.